
കോഴിക്കോട് ബേപ്പൂരിലും മലപ്പുറം മഞ്ചേരിയിലും ഫിഫ നിലവാരത്തിൽ സ്റ്റേഡിയങ്ങൾ നിർമിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. രൂപരേഖ പൂർത്തിയായതായും 60 കോടി വീതം ചെലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയം നിർമാണം ഒന്നരവർഷംകൊണ്ട് പൂർത്തിയാകുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മഞ്ചേരി പയ്യനാട് നിലവിലുള്ളത് പ്രാക്ടീസ് സ്റ്റേഡിയമാക്കിയശേഷം തൊട്ടടുത്തായാണ് പുതിയത് പണിയുക. ബേപ്പൂരിൽ 20 ഏക്കർ ഭൂമിയിൽ സ്പോർട്സ് ഇൻഡസ്ട്രിയൽ പാർക്ക് ഉൾപ്പെടെയാണ് വിഭാവനം ചെയ്യുന്നത്.
ഫിഫ യോഗ്യതാ മത്സരങ്ങൾക്ക് കേരളത്തിലെ സ്റ്റേഡിയങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ചർച്ച നടത്തിയെങ്കിലും അവരുടെ മാനദണ്ഡപ്രകാരം അനുയോജ്യമായ സ്റ്റേഡിയം ചൂണ്ടിക്കാണിക്കാനായില്ല. ഈ സാഹചര്യത്തിലാണ് രണ്ടിടത്ത് ഫിഫ നിലവാരത്തിൽ സ്റ്റേഡിയം പണിയാൻ തീരുമാനിച്ചത്.സ്പോർട്സ് പാർക്കിൽ തുടങ്ങുന്ന സംരംഭങ്ങൾക്ക് വ്യവസായ സംരംഭങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യവും അനുവദിക്കും.