
വ്യവസായ വാണിജ്യ വകുപ്പ് മാനാഞ്ചിറ സിഎസ്ഐ ഹാളിൽ ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള ചൊവാഴ്ച തുടങ്ങി. മേയർ ബീന ഫിലിപ്പാണ് ഉദ്ഘാടനം നിറവേറ്റിയത്. മേളയിൽ വൈവിധ്യവും പുതുമയും കലർന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവുമൊരുക്കി.
പരമ്പരാഗത മേഖലയിൽ നിന്നുള്ള കയർ, കൈത്തറി, മൺപാത്ര ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾ, വസ്ത്രം, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയാണ് 61 സ്റ്റാളുകളിലായി ഒരുക്കിയിട്ടുള്ളത്. 26 വരെയാണ് മേള. രാവിലെ 10 മുതൽ വൈകിട്ട് എട്ടുവരെയാണ് പ്രവേശനം.
ചടങ്ങിൽ കൗൺസിലർ എസ് കെ അബൂബക്കർ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി അബ്രഹാം, മാനേജർ എം കെ ബാലരാജൻ, കെഎസ്എസ്ഐഎ പ്രസിഡന്റ് എം അബ്ദുറഹിമാൻ, ജില്ലാ വ്യവസായ കേന്ദ്രം ക്രെഡിറ്റ് മാനേജർ ഗിരീഷ്, അസിസ്റ്റന്റ് രജിസ്ട്രാർ പി ശാലിനി, വ്യവസായ കേന്ദ്രം അസി. ഡയറക്ടർ നിധിൻ, ലീഡ് ബാങ്ക് മാനേജർ ടി എം മുരളീധരൻ, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം എ മെഹബൂബ് തുടങ്ങിയവർ പങ്കെടുത്തു.