ഗുദാം ആർട്ട് ഗാലറിയിൽ ഫുട്ബോൾചരിത്രത്തിലെ നിർണായകമുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രപ്രദർശനം
12 Jan 2023
News
ഗുജറാത്തി തെരുവ് ഗുദാം ആർട്ട് ഗാലറിയിൽ ഫുട്ബോൾചരിത്രത്തിലെ നിർണായകമുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രപ്രദർശനം തുടങ്ങി. ഗുദാം ആർട്ട് ഗാലറി ക്യൂറേറ്റർ സജുദ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദർശനം നടത്തുന്നത്.
നൂറ്റാണ്ടുകൾക്കുമുമ്പുള്ള ഫുട്ബോൾകളിയുടെ രീതിമുതൽ ഇന്നത്തെ ഫുട്ബോളിലേക്കുള്ള പരിണാമംവരെ വ്യക്തമാക്കുന്നതാണ് ചിത്രപ്രദർശനം. പണ്ടുകാലത്തെ ഫുട്ബോൾകളിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ, കളിക്കാർ, വിവിധ ലോകകപ്പുകൾ, ഫുട്ബോളിന്റെ ഭാവി തുടങ്ങിയവയെല്ലാം പ്രദർശനത്തിലുണ്ട്. ഫുട്ബോളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കെല്ലാം ഉത്തരംനൽകുന്ന വിധത്തിലാണ് ചിത്രങ്ങളൊരുക്കിയിരിക്കുന്നത്. ഫുട്ബോൾ അറിവുകൾ പങ്കുവെച്ചുള്ള വീഡിയോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുൾപ്പടെയുള്ള ഒട്ടേറെ താരങ്ങളുടെ ഓർമകളും പ്രദർശനത്തിലുണ്ട്.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി. കെ.കെ. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ എം.പി. സുരേന്ദ്രൻ, ഫാ. ജോൺ മണ്ണാറത്തറ, ബഷീർ ബഡയക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു. 17-ന് അവസാനിക്കും.