
കേരളത്തിലെ സമഗ്ര ശിക്ഷയുടെ (എസ്‌എസ്‌കെ) കോഴിക്കോട് ഓഫീസ് വിഭാവനം ചെയ്‌ത പദ്ധതിയായ ‘എസ്റ്റീം’ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് തൊഴിലവസരം ഒരുക്കുന്നു. തൊഴിലധിഷ്ഠിത പുനരധിവാസ പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയവർ ഗസ്റ്റ് ഹൗസിലും നഗരത്തിലെ നക്ഷത്ര ഹോട്ടലുകളിലും ജോലിചെയ്യും. പദ്ധതി ഉദ്‌ഘാടനവും ഫുഡ് ആൻഡ് ബിവറേജസ് സർവീസ് അസോസിയേറ്റ് കോഴ്സ് പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
എസ്എസ്‌കെ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം അധ്യക്ഷനായി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ, വി ടി ഷീബ, എസ് യമുന, ബിജു എന്നിവർ സംസാരിച്ചു.
പൊതുവിദ്യാലയങ്ങളിൽ പ്ലസ് ടു പൂർത്തിയാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത പുനരധിവാസം ഉറപ്പാക്കാൻ സമഗ്ര ശിക്ഷ കേരള സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതിയാണ് എസ്റ്റീം.