
സൂപ്പർ കപ്പിനെ വരവേൽക്കാൻ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയം ഒരുങ്ങുന്നു. എ ടി കെ മോഹൻബഗാനും കേരള ബ്ലാസ്‌റ്റേഴ്‌സും ഐ ലീഗിലെ വമ്പന്മാരും കൊമ്പുകോർക്കുന്ന ടൂർണമെന്റിനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഫുട്‌ബോളിനെ ഹൃദയത്തിലേറ്റുന്ന മധുരനഗരിയിൽ ഇനി രണ്ടാഴ്‌ച കളിയാരവമുയരും. ഏപ്രിൽ എട്ടിനാണ് ആദ്യമത്സരം.
ആലുവയിലെ വികെഎം സ്‌പോർട്‌സ് ആൻഡ് ടർഫ് കമ്പനിയാണ് കേരളം ആദ്യമായി ആതിഥ്യമരുളുന്ന സൂപ്പർ കപ്പിനുള്ള ഗ്രൗണ്ട് ഒരുക്കുന്നത്. സ്‌റ്റേഡിയവും മൈതാനവും സംബന്ധിച്ച് ഒരാശങ്കയുംവേണ്ടെന്ന് കെഎഫ്‌എ ജനറൽ സെക്രട്ടറി പി അനിൽകുമാർ പറഞ്ഞു. നവീകരണ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. മാർച്ചിൽ തന്നെ പ്രവൃത്തി പൂർത്തിയാവും. മൂന്നിന് മുമ്പ് ട്രയൽ റൺ നടത്തും. ഫ്ലഡ്‌ലൈറ്റിന്റെ പാനലുകളും ബൾബുകളും മാറ്റി സ്ഥാപിക്കും. വെളിച്ചസംവിധാനം കുറ്റമറ്റതാക്കുകയാണ് പ്രധാന വെല്ലുവിളി. ടർഫിന്റെയും ഡ്രസിങ് റൂമിന്റെയും പെയിന്റിങ്ങും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തീകരിക്കും.
രണ്ടുവർഷം മുമ്പാണ് സ്‌റ്റേഡിയത്തിൽ അറ്റകുറ്റപ്പണി നടത്തിയത്. ഐ ലീഗ് ടീം ഗോകുലം കേരളം എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് ഇ എം എസ് സ്‌റ്റേഡിയം. ഗോകുലമാണ് സ്‌റ്റേഡിയത്തിൽ താൽക്കാലിക പ്രവൃത്തികൾ നടത്തിയിരുന്നത്. 2016 ൽ സേഠ് നാഗ്‌ജി ഫുട്‌ബോൾ ടൂർണമെന്റിനായാണ് ഒടുവിൽ സ്‌റ്റേഡിയം പൂർണമായും നവീകരിച്ചത്. തുടർന്ന് സന്തോഷ് ട്രോഫിയിലെ കേരളമുൾപ്പെട്ട ഗ്രൂപ്പ് മത്സരങ്ങളും കേരള പ്രീമിയർ ലീഗിനും ഐ ലീഗ് മത്സരത്തിനും വേദിയായിരുന്നു.
ഏപ്രിൽ മൂന്നുമുതൽ മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് യോഗ്യതാ മത്സരങ്ങൾ. നേരത്തെ കോഴിക്കോട്ടായിരുന്നു യോഗ്യതാ മത്സരങ്ങൾ നിശ്ചയിച്ചത്. ഗ്രൂപ്പ് എ, സി മത്സരങ്ങൾ കോഴിക്കോട്ട് നടക്കും. ഏപ്രിൽ 25ന് നടക്കുന്ന ഫൈനൽ മത്സരമുൾപ്പെടെ 14 മത്സരങ്ങൾക്കാണ് സ്‌റ്റേഡിയം വേദിയാകുക. വൈകിട്ട് 5.30, 8.30 എന്നിങ്ങനെയാണ് മത്സരസമയം.