
2 വർഷത്തോളമായി മുടങ്ങിക്കിടന്ന ബസ് സ്റ്റാൻഡിലെ ഇലക്ട്രോണിക് ടൈം പഞ്ചിങ് സംവിധാനം പുനരാരംഭിച്ചു. ട്രാഫിക് അസി.കമ്മിഷണർ എ.ജെ.ജോൺസന്റെ സാന്നിധ്യത്തിലാണ് ഈ സംവിധാനം വീണ്ടും തുടങ്ങിയത്. കോവിഡിനു ശേഷം സ്റ്റാൻഡിൽ ഇലക്ട്രോണിക് പഞ്ചിങ് നടത്തിയിരുന്നില്ല. ഇതിനിടെ യന്ത്രം കേടാകുകയും പഞ്ചിങ് സ്റ്റേഷനിൽ പൊലീസുകാർ വരാതാകുകയും ചെയ്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ജില്ലയിൽ കിഴക്കൻ മേഖലയിലെ ഏക പഞ്ചിങ് കേന്ദ്രമായ രാമനാട്ടുകരയിൽ സംവിധാനം മുടങ്ങിയതു ദേശീയപാതയിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിന് ഇടയാക്കിയിരുന്നു. ബസുകൾ സ്റ്റാൻഡിൽ കയറാത്തത് സ്റ്റാൻഡ് ഫീ ഇനത്തിൽ നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി. ഇതോടെയാണ് ഇലക്ട്രോണിക് പഞ്ചിങ് പുനഃസ്ഥാപിച്ച് ബസുകൾ സ്റ്റാൻഡിൽ കയറുന്നത് ഉറപ്പാക്കാൻ ട്രാഫിക് പൊലീസ് നടപടി സ്വീകരിച്ചത്.
സ്റ്റാൻഡിൽ എത്തുന്ന ബസുകാർക്ക് പുതിയ പഞ്ചിങ് കാർഡുകൾ വിതരണം ചെയ്തായിരുന്നു തുടക്കം. ട്രാഫിക് ഇൻസ്പെക്ടർ എൽ.സുരേഷ് ബാബു, എസ്ഐ പി.സുരേഷ് കുമാർ, എയ്ഡ് പോസ്റ്റ് എസ്ഐ എം.രാജശേഖരൻ, റസിഡന്റ്സ് ഭാരവാഹികൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.