എട്ടുനാൾ നീളുന്ന സൂപ്പർ കപ്പ് മത്സരത്തിനു കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിന് തുടക്കം കുറിക്കും
08 Apr 2023
News
സൂപ്പർ കപ്പിന് ബംഗളൂരു എഫ്‌സിയും ശ്രീനിധി ഡെക്കാനും തമ്മിലുള്ള മത്സരത്തോടെ എട്ടുനാൾ നീളുന്ന ഫുട്‌ബോൾ ലഹരിക്കു കോഴിക്കോടിൽ തുടക്കമാകും. ഇ എം എസ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിന് വിസിലുയരും. 8.30ന് രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടും. മത്സരം രാത്രി എട്ടിന് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്യും. ഫൈനലിനും ഫുട്‌ബോൾ നഗരി സാക്ഷ്യം വഹിക്കും.
2016 നുശേഷം രാജ്യത്തെ വമ്പൻ ക്ലബ്ബുകൾ അണിനിരക്കുന്ന മത്സരത്തിനായി കാത്തിരിക്കുകയാണ് കോഴിക്കോട്ടെ ഫുട്‌ബോൾ പ്രേമികൾ. നാഗ്‌ജി ഫുട്‌ബോൾ, ഐ ലീഗ്, സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾ എന്നിവയ്‌ക്കുശേഷം വീണ്ടും ഒരു ഫുട്‌ബോൾ വിരുന്നെത്തുകയാണ്. ടീമുകൾ വെള്ളിയാഴ്‌ച മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ അവസാനഘട്ട പരിശീലനത്തിനിറങ്ങി.
മത്സരത്തിനായി കോർപറേഷൻ സ്റ്റേഡിയം സജ്ജമായി. ഗ്യാലറി പെയിന്റടിച്ചു. പുൽത്തകിടിയും ഒരുക്കി. ശുചിമുറികളുടെ അറ്റകുറ്റപ്പണിയും പൂർത്തയായി. ഫ്‌ളഡ്‌ലിറ്റിനായി ഉക്രയ്‌നിൽനിന്ന് 200 ബൾബുകളാണ് എത്തിച്ചത്. ട്രയൽറൺ നടത്തി സ്റ്റേഡിയം സംഘാടകർക്ക് കൈമാറി.
30,000 പേർക്ക് കളി കാണാനുള്ള സൗകര്യമുണ്ട്. 250 രൂപയാണ് ടിക്കറ്റിന്. സ്റ്റേഡിയത്തിലെ പ്രത്യേക കൗണ്ടറിന് പുറമെ ഇൻഡോർ സ്റ്റേഡിയം, ബീച്ച്, കെഡിഎഫ്എ ഓഫീസ് എന്നിവിടങ്ങളിലും ടിക്കറ്റ് ലഭ്യമാണ്. ഓൺലൈനിൽ ബുക്ക് മൈ ഷോ ആപ്പ് വഴി സ്വന്തമാക്കാം. മത്സരങ്ങൾ സോണി സ്‌പോർട്‌സ് 2 ചാനലിൽ തത്സമയം ഉണ്ടാകും. കാണികൾക്ക് രാത്രിയിൽ പ്രത്യേക ബസ് സർവീസുമുണ്ടാകും.
എ, സി ഗ്രൂപ്പുമത്സരങ്ങളും ഒരു സെമി ഫൈനലും ഫൈനലുമടക്കം 14 മത്സരങ്ങളാണ് കോഴിക്കോട്ട് നടക്കുന്നത്. എ ഗ്രൂപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ബംഗളൂരു എഫ്‌സി, റൗണ്ട് ഗ്ലാസ് പഞ്ചാബ്, ശ്രീനിധി ഡെക്കാൻ സി ഗ്രൂപ്പിൽ എ ടി കെ മോഹൻ ബഗാൻ, എഫ്‌സി ഗോവ, ജംഷഡ്‌പൂർ എഫ്‌സി, ഗോകുലം കേരള എഫ്‌സി ടീമുകളാണുള്ളത്.