
ദീപാവലിയ്ക്കു നഗരത്തിൽ വീണ്ടും മിഠായിക്കച്ചവടം സജീവമായി. ഗുജറാത്തി തെരുവിലും മിഠായിത്തെരുവിലും പാളയത്തുമടക്കം ബേക്കറികൾ മിഠായിക്കച്ചവടത്തിന് ദീപങ്ങളും തോരണങ്ങളുമെല്ലാമായി അണിഞ്ഞൊരുങ്ങി.
കോവിഡ് നിയന്ത്രണങ്ങളിൽ രണ്ടു വർഷമായി മങ്ങിപ്പോയ മധുരക്കച്ചവടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. രാത്രി വൈകുംവരെ പല മിഠായിക്കടകളും തുറക്കാൻ തുടങ്ങിയിട്ടുണ്ട്. ബീച്ചിലും പാതയോരങ്ങളിലുമെല്ലാം താൽക്കാലിക മിഠായി വിൽപന സ്റ്റാളുകൾ ധാരാളമുയർന്നതാണ് ഇത്തവണത്തെ പ്രത്യേകത.
കിലോക്ക് 200 രൂപയുടെ സാധാരണയിനം മുതൽ 600 രൂപയുടെ പാലുപയോഗിച്ചുള്ള മിഠായികൾവരെ വിപണിയിലുണ്ട്. ഈയിനങ്ങൾക്കാണ് ആവശ്യക്കാരേറെ. എങ്കിലും വിലകൂടിയ വി.ഐ.പിയിനങ്ങളും നന്നായി വിറ്റുപോവുന്നു. ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് മാത്രം നിർമിച്ച ഇനങ്ങളും പ്രത്യേകമായുണ്ട്.
കോൺവന്‍റ് റോഡിലും ബാങ്ക് റോഡിലും ഗുജറാത്തി തെരുവിലുമൊക്കെയുള്ള മൊത്ത വിപണനകേന്ദ്രങ്ങളിലും ഏറെപേർ എത്തുന്നു. ഒന്നിച്ച് വാങ്ങുമ്പോൾ നല്ല വിലക്കുറവുണ്ടെന്നതാണ് ആകർഷണം.
വലിയങ്ങാടിയിലും മിഠായിത്തെരുവിലും പാളയത്തുമെല്ലാം വ്യാപാരികൾ സ്ഥിരം ഉപഭോക്താക്കൾക്ക് ദീപാവലി മിഠായി നൽകുന്ന കോഴിക്കോട്ടെ പതിവ് ഏറക്കുറെ നിലച്ചെങ്കിലും കുടുംബങ്ങൾക്ക് ഉപഹാരം നൽകാനും മറ്റും ധാരാളം മിഠായിപ്പാക്കറ്റുകൾ വിറ്റുപോവുന്നതായി വ്യാപാരികൾ പറഞ്ഞു.