
റവന്യൂജില്ലാ സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി., സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയമേളകളും വൊക്കേഷണൽ എക്സ്‌പോയും 20, 21, 22 തീയതികളിൽ പ്രധാനവേദിയായ നന്മണ്ട ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ശാസ്ത്ര, ഗണിതശാസ്ത്ര മേളകൾ കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലും പ്രവൃത്തിപരിചയ, സാമൂഹികശാസ്ത്രമേളകൾ നന്മണ്ട ഹയർസെക്കൻഡറിയിലും ഐ.ടി. മേള നന്മണ്ട 14-ലെ സരസ്വതി വിദ്യാമന്ദിർ സ്കൂളിലുമാണ് നടക്കുക.
157 ഇനങ്ങളിലായി 5700 മത്സരാർഥികൾ പങ്കെടുക്കും. വടകര മേഖലാ വൊക്കേഷണൽ എക്സ്‌പോ 21, 22 തീയതികളിൽ നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലാണ് നടക്കുക. മേളയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ പത്തിന് നന്മണ്ട ഹയർസെക്കൻഡറിയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. എം.കെ. മുനീർ എം.എൽ.എ. മുഖ്യാതിഥിയാകും. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ അധ്യക്ഷനാകും. ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനംചെയ്യും. കെ.എം. സച്ചിൻദേവ് എം.എൽ.എ. സമ്മാനവിതരണം നടത്തും.