
കാലിക്കറ്റ് ട്രേഡ് സെന്റർ, സരോവരം ബയോപാർക്ക് എന്നിവിടങ്ങളിലെ നാലുവേദികളിലായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്‌സിന്റെ നേതൃത്വത്തിൽ യങ് ആർക്കിടെക്ട്‌സ് ഫെസ്റ്റിവെലിനും ക്രോസ് റോഡ്‌സിനും കോഴിക്കോട്ട് ഫെസ്റ്റ് നടക്കും. വ്യാഴാഴ്ച തുടക്കം കുറിക്കുന്ന ഫെസ്റ്റ് മൂന്നുദിവസം നീണ്ടുനിൽക്കും. ഫെസ്റ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നുമായി രണ്ടായിരത്തിലേറെ ആർക്കിടെക്ടുകൾ പങ്കെടുക്കും. 27-ന് വൈകീട്ട് മൂന്നിന് ഫെസ്റ്റിന് തിരിതെളിയും.
എം.കെ. രാഘവൻ എം.പി, മേയർ ബീനാ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും. 29-ന് നടക്കുന്ന സമാപനച്ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.പ്രമുഖ ആർക്കിടെക്ടുകൾ ഫെസ്റ്റിൽ പങ്കെടുക്കും.
വിവിധ വിഷയങ്ങളെ അധികരിച്ച് ശില്പശാലകൾ, സെമിനാറുകൾ എന്നിവ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി സരോവരം ബയോപാർക്കിൽ അർബൻ അങ്ങാടി ഒരുങ്ങി. ഫുഡ്കോർട്ടുകൾ ഉൾപ്പെടെ നാല്പതോളം സ്റ്റാളുകൾ ഇവിടെ ഉണ്ടാകും. അർബൻ അങ്ങാടിയിൽ പൊതുജനങ്ങൾക്കും പ്രവേശിക്കാം.
ഫെസ്റ്റിന്റെ ഭാഗമായുള്ള വൈ.എ.എഫ്. അവാർഡിന്റെയും റീവീവ് ഡിസൈൻ മത്സരത്തിലെയും ജൂറി തിരഞ്ഞെടുത്ത ഡിസൈനുകളുടെ പ്രദർശനവും നടക്കും. വൈ.എ.എഫ്. അവാർഡുകളും റീവീവ് മത്സരത്തിന്റെ വിജയികളെയും 29-ന് പ്രഖ്യാപിക്കും. പത്രസമ്മേളനത്തിൽ ഐ.എ.എ. കാലിക്കറ്റ് സെന്റർ ചെയർപേഴ്സൺ പി.പി. വിവേക്, യാഫ് കൺവീനർ നൗഫൽ സി. ഹാഷിം കോ-കൺവീനർ മുഹമ്മദ് അഫ്നാൻ, പ്രോഗ്രാം കൺവീനർ നിമിഷ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു.