കോർപറേഷന്റെ ഒപ്പം പദ്ധതിക്ക് തുടക്കം; ദുർബല വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള പദ്ധതി
21 Jan 2023
News
ദുർബല വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള കോർപറേഷന്റെ ‘ഒപ്പം’ പദ്ധതിക്ക് തുടക്കം. പിഎംഎവൈ–-ലൈഫ് ഗുണഭോക്തൃ കുടുംബങ്ങൾ, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ, അതിദരിദ്ര കുടുംബാംഗങ്ങൾ, അഗതിരഹിത കേരളം ഗുണഭോക്തൃ കുടുംബാംഗങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകി ഉപജീവനത്തിനും സാമൂഹിക സുരക്ഷക്കും പിന്തുണ നൽകുന്നതാണ് പദ്ധതി. ടാഗോർ ഹാളിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനംചെയ്‌തു.
നഗരസഭാ പരിധിയിലെ അഗതി ആശ്രയ വിഭാഗത്തിലെ 646, അതിദാരിദ്ര്യ വിഭാഗത്തിലെ 814, പിഎംഎവൈ–-ലൈഫ് പദ്ധതിയിലെ 4933 ഗുണഭോക്താക്കളെയും കുടുംബശ്രീ ഓക്സിലറി അംഗങ്ങളായ 1706 പേരെയും എന്റെ തൊഴിൽ എന്റെ അഭിമാനം പോർട്ടലിൽ രജിസ്റ്റർചെയ്ത നാൽപ്പതിനായിരത്തിൽ അധികം വരുന്ന ഗുണഭോക്താക്കളെയും ഒരു കൂടക്കീഴിൽ കൊണ്ടുവന്ന് ഫലപ്രദമായ ഇടപെടൽ നടത്തുകയാണ് ലക്ഷ്യം.
ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. സെക്രട്ടറി കെ യു ബിനി പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ സംരംഭകർക്കുള്ള സിഇഎഫ് ലോൺ വിതരണം ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദും പിഎംഎവൈ ഗുണഭോക്താക്കൾക്കുള്ള തൊഴിലുറപ്പ് തൊഴിൽ കാർഡ് വിതരണം സ്ഥിരം സമിതി ചെയർമാൻ പി സി രാജനും നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കൃഷ്ണകുമാരി, പി കെ നാസർ, സി രേഖ, കൗൺസിലർമാരായ ടി രനീഷ്, എം എസ് തുഷാര, കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ പി എം ഗിരീഷൻ, സിഡിഎസ് ചെയർപേഴ്സൺമാരായ എം അംബിക, ശ്രീജ ഹരീഷ് എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി ദിവാകരൻ സ്വാഗതവും കുടുംബശ്രീ പ്രോജക്ട് ഓഫീസർ ടി കെ പ്രകാശൻ നന്ദിയും പറഞ്ഞു.