കോർപറേഷന്റെ ബീച്ച് ഫുഡ് സ്ട്രീറ്റ് പണി അടുത്ത മാസം തുടങ്ങും. തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായെങ്കിലും ടെൻഡർ നടപടികൾ നേരത്തേ പൂർത്തിയായതിനാൽ പണി തുടങ്ങുന്നതിന് തടസ്സമില്ലെന്ന് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. ഇതിനായി കടപ്പുറത്ത് കോർപറേഷൻ ഓഫിസിന് എതിർവശത്ത് ഫൂട്പാത്തിനോട് ചേർന്ന ഭാഗത്ത് കഴിഞ്ഞ ദിവസം സ്ഥലം അടയാളപ്പെടുത്തി. നാലുമാസത്തിനകം പണി തീർക്കാനാവുമെന്നാണ് പ്രതീക്ഷ.
ഒരു കൊല്ലമാണ് പണി പൂർത്തിയാക്കാനുള്ള കാലാവധി. ബീച്ചിനെ ഫുഡ് സ്ട്രീറ്റായി ഉയർത്തുക, കച്ചവടക്കാർക്ക് പുനരധിവാസം ലഭ്യമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ബീച്ചിലെ വെൻഡിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും കഴിഞ്ഞ മാസം നടന്നിരുന്നു. കോഴിക്കോട് ബീച്ചിനെ രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്നതാണ് പദ്ധതികൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത്.