
തീരദേശവികസന കോർപ്പറേഷനാണ് വിപുലമായ കൺവെൻഷൻസെന്റർ നിർമിക്കാൻ മുന്നോട്ടുവന്നത്. തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതോടൊപ്പം കൺവെൻഷൻ സെന്ററും നിർമിക്കാനായി രണ്ടുകോടിയിലധികം രൂപയാണ് അനുവദിചിരിക്കുന്നത്.
പദ്ധതിക്ക് എം.എൽ.എ. ഫണ്ടും ഉപയോഗപ്പെടുത്തുമെന്ന് കാനത്തിൽ ജമീല എം.എൽ.എ. പറഞ്ഞു. ഓഡിറ്റോറിയം യാഥാർഥ്യമായാൽ സാംസ്കാരികപരിപാടികൾ നടത്താൻ കഴിയും. യോഗങ്ങൾക്ക് അനുവദിക്കാവുന്നതിനാൽ പഞ്ചായത്തിന് നല്ല വരുമാനമാർഗവുമായിരിക്കും.
ഓഡിറ്റോറിയം, ഓപ്പൺസ്റ്റേജ്, ആധുനിക സൗണ്ട് സിസ്റ്റം, പ്രത്യേക പാർക്കിങ് സൗകര്യം എന്നിവയാണ് ഇവിടെ ഒരുക്കുന്നത്. ഹാർബർ എൻജിനിയറിങ് വകുപ്പ് കൺവെൻഷൻ സെന്ററിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
ടൂറിസംവകുപ്പിന്റെ 93 ലക്ഷംരൂപയുടെ അടിസ്ഥാനവികസന ഫണ്ടും ഉപയോഗപ്പെടുത്തുന്നുണ്ട്. തിക്കോടി പഞ്ചായത്തിന്റെ വികസനത്തിൽ വലിയ മാറ്റത്തിനുതകുന്ന പദ്ധതിയാണിതെന്ന് കാനത്തിൽ ജമീല എം.എൽ.എ. പറഞ്ഞു. എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, സ്ഥിരം സമിതി അധ്യക്ഷരായ ആർ. വിശ്വൻ, കെ.പി. ഷക്കീല, വാർഡംഗം വി.കെ. അബ്ദുൾ മജീദ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ ബിജു കളത്തിൽ, പഞ്ചായത്ത് സെക്രട്ടറി ശങ്കർ, രാജീവൻ, വി. ഹാഷിംകോയ എന്നിവർ പങ്കെടുത്തു.