
ഹൈക്കോടതിയുടെ അംഗീകാരത്തോടെ മെഡിക്കൽ കോളേജ് ബസ് ടെർമിനൽ മൂന്നുമാസത്തിനകം നിർമാണം ആരംഭിക്കും. എം ഭാസ്കരൻ മേയറായിരുന്ന കൗൺസിലാണ് പദ്ധതി വിഭാവനംചെയ്തത്.
മൂന്ന് നിലകളുള്ള ടെർമിനലിന്റെ ഏറ്റവും മുകളിലാണ് ബസ് പാർക്കിങ്. ഒരേ സമയം 20 ബസിന് വന്നുപോകാനാവും. ബസ് പാർക്കിങ് ഫീ കോർപറേഷന് ലഭിക്കും. ഏറ്റവും താഴെ 800 കാറും 1000 സ്കൂട്ടറും പാർക്ക് ചെയ്യാം. തിയറ്റർ, മാളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുമുണ്ടാകും. കോർപറേഷന്റെ ഓഫീസും ഇതിലുണ്ട്.
മാവൂർ റോഡിലൂടെ ടെർമിനലിലേക്കും പൊലീസ് സ്റ്റേഷനു സമീപത്തുകൂടി കാരന്തൂർ റോഡിലേക്ക് പുറത്തേക്കുമാണ് ബസുകൾ പോവുക. മെഡിക്കൽ കോളേജ് - കാരന്തൂർ റോഡ് 24 മീറ്ററാക്കും. ആശുപത്രിയിലുള്ളവർക്ക് ബസ് ടെർമിനലിലെത്താൻ മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തിൽനിന്ന് 15 മീറ്റർ വീതിയിൽ എസ്കലേറ്റർ സൗകര്യത്തോടെ തുരങ്കപാതയും പരിഗണനയിലുണ്ട്. രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ബസ് ടെർമിനൽ കിൻഫ്രയാണ് നിർമിക്കുക.