ആവശ്യക്കാർക്ക് മൂന്ന് നേരവും ഭക്ഷണം വീടുകളിലെത്തിക്കുന്ന കോമൺ കിച്ചൻ നടുവട്ടത്ത് ആരംഭിച്ചു
04 May 2023
News
gബേപ്പൂർ നടുവട്ടത്ത് കോർപറേഷൻ വി ലിഫ്റ്റ് പദ്ധതിയിലെ മൂന്നാമത്തെ കോമൺ കിച്ചൻ ആരംഭിച്ചു. ആവശ്യക്കാർക്ക് മൂന്ന് നേരവും ഭക്ഷണം വീടുകളിലെത്തിക്കുന്ന, വനിതകൾ നടത്തിപ്പുകാരായ കോമൺ കിച്ചൻ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. കുടുംബശ്രീ അംഗങ്ങളായ ടി കെ സഫീറ, എം കെ ബിന്ദു, പി ബിന്ദു എന്നിവരാണ് നടുവട്ടത്തെ അടുക്കളയുടെ ചുമതലക്കാർ.
കോർപറേഷൻ പരിധിയിലെ വനിതാ സംരംഭക ഗ്രൂപ്പുകൾവഴി ആരംഭിക്കുന്ന കോമൺ കിച്ചന് മൊത്തം പദ്ധതി തുകയുടെ 75 ശതമാനം (പരമാവധി 3.75 ലക്ഷം രൂപ) സബ്സിഡിയായി നൽകും. ഈ സാമ്പത്തിക വർഷം കോർപറേഷനിൽ 13 കോമൺ കിച്ചനുകളാരംഭിക്കാനാണ് തീരുമാനം.
ഉദ്ഘാടന ചടങ്ങിൽ കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ കൃഷ്ണകുമാരി അധ്യക്ഷയായി. കൗൺസിലർമാരായ കെ രാജീവ്, എം ഗിരിജ, ടി കെ ഷമീന, നവാസ് വാടിയിൽ, ടി രജനി, പേരോത്ത് പ്രകാശൻ, വ്യവസായ വികസന ഓഫീസർ എം ശ്രീജിത്ത്, കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് ഫാത്തിമത്ത് സുഹ്റ, സെക്രട്ടറി വിലാസിനി, വാർഡ് കൺവീനർ കെ സി അനൂപ്, ടി കെ സഫീറ എന്നിവർ സംസാരിച്ചു.