
ജില്ലാ ഭരണകൂടത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വടകര കോതി ബസാറിനു സമീപത്തെ സൈക്ലോണ്‍ ഷെല്‍ട്ടറില്‍ തീരസഭ അദാലത്ത് സംഘടിപ്പിച്ചു. മൂരാട് മുതല്‍ അഴിയൂര്‍ വരെയുള്ള തീരദേശ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പരിഹാരമാകാതെ കിടന്ന നൂറോളം പരാതികള്‍ തീരസഭയിലൂടെ പരിഹരിച്ചു. സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. ലോണ്‍ സംബന്ധമായവ, പുനര്‍ഗേഹം, ലൈഫ്മിഷന്‍, റവന്യൂ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് തുടങ്ങി നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു.
സൈക്ലോണ്‍ ഷെല്‍ട്ടറില്‍ നടന്ന തീരസഭ അദാലത്ത് വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ അധ്യക്ഷത വഹിച്ചു.
മത്സ്യതൊഴിലാളി മേഖലയില്‍ നിന്നും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.
എംബിബിഎസ് ഫസ്റ്റ് ക്ലാസ് നേടിയ ഒ പി ശ്വേത, കുസാറ്റില്‍ നിന്നും എംഎഫ്എസ്‌സി രണ്ടാം റാങ്ക് നേടിയ അനുമോള്‍, ബിഡിഎസ് കോഴ്‌സ് പഠിക്കുന്ന ശ്രേഷ രമേശ്, രക്ഷാ പ്രവര്‍ത്തകന്‍ ലത്തീഫ് കാഞ്ഞയി എന്നിവരെയാണ് ആദരിച്ചത്. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമര്‍ എന്നിവര്‍ സംസാരിച്ചു.