സ്കൂൾ കലോത്സവ വിജയം ആഘോഷിച്ച് നഗരം; സ്വർണക്കപ്പുമായി വിദ്യാർഥികളും അധ്യാപകരും വിജയാഘോഷയാത്ര നടത്തി
10 Jan 2023
News
കലോത്സവത്തിൽ ചാംപ്യൻമാരായ കോഴിക്കോട് ജില്ല നഗരവീഥിയിലൂടെ വിജയാഘോഷയാത്ര നടത്തി. തുറന്ന ജീപ്പിൽ സ്വന്തമാക്കിയ 117.5 പവൻ സ്വർണക്കപ്പുമായാണ് വിദ്യാർഥികളും അധ്യാപകരും അധികൃതരും വിജയാഘോഷയാത്ര നടത്തിയത്. മുതലക്കുളത്തുനിന്ന് ആരംഭിച്ച യാത്ര മാനാഞ്ചിറ ചുറ്റി ബിഇഎം സ്കൂൾ മുറ്റത്തു സമാപിച്ചു. ബാൻഡ്മേളവും, കോൽക്കളിയും അകമ്പടിയായി. നഗരവീഥികളെ ആവേശം കൊള്ളിച്ചു മുദ്രാവാക്യങ്ങൾ. തുടർച്ചയായി പൊട്ടി മാലപ്പടക്കങ്ങൾ.
എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നിന്നതിന്റെ നേട്ടമാണു കലോത്സവത്തിന്റെ വിജയമെന്നു വിജയസമ്മേളനത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. സമയബന്ധിതമായി പരിപാടി തീർക്കാൻ പ്രോഗ്രാം കമ്മിറ്റിക്കും, പരാതികളില്ലാതെ കലോത്സവം മുന്നോട്ടു കൊണ്ടുപോകാൻ അധ്യാപക സംഘടനകൾക്കും സാധിച്ചു.
ഓട്ടോതൊഴിലാളികളും മാധ്യമപ്രവർത്തകരും വ്യാപാരികളുടക്കം വിവിധ മേഖലകളിലെ കോഴിക്കോട്ടുകാരുടെ ഒത്തൊരുമയുടെ വിജയമായിരുന്നു കലോത്സവമെന്നും റിയാസ് പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായിരുന്നു. മേയർ ബീന ഫിലിപ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ആർഡിഡി ഡോ.കെ. അനിൽ കുമാർ, ഡിഡിഇ സി. മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കലോത്സവത്തിൽ മികച്ച സേവനം കാഴ്ചവച്ചതിന് 200 ശുചീകരണ തൊഴിലാളികളെയും 120 ഹരിതകർമ സേനാ പ്രവർത്തകരെയുംമന്ത്രി മുഹമ്മദ് റിയാസ് ആദരിച്ചു.