
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ പൂർണ ഇളവ് വരുത്തിയതിന് ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആയതിനാൽ ഈ വർഷത്തെ ക്രിസ്തുമസ് കൂടുതൽ പ്രത്യേകതയുള്ളതായിരുന്നു.
നാടെങ്ങും ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിച്ച്. തിരുപ്പിറവി വിളംബരം ചെയ്ത് ദേവാലയങ്ങളിൽ പാതിരാ കുർബാനകൾ അർപ്പിച്ചു. നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ഭദ്രാസന ദേവാലയമായ നെയ്യാറ്റിൻകര അമലോത്ഭവമാതാ ദേവാലയത്തിൽ ബിഷപ്പ് വിൻസെന്റ് സാമുവൽ പാതിരാ കുർബാന അർപ്പിക്കാൻ കാർമികത്വം വഹിച്ചു. ശനിയാഴ്ച വൈകീട്ടോടെ കരോൾസംഘങ്ങൾ ദേവാലയത്തിൽ സംഗമിച്ചു. അർധരാത്രിയോടെ പാതിരാ കുർബാന ആരംഭിച്ചു. കുർബാനമധ്യേ ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിച്ച് പുൽക്കൂടിൽ ബിഷപ്പ് വിൻസെന്റ് സാമുവൽ ഉണ്ണിയേശുവിനെ പ്രതിഷ്ഠിച്ചു.
വ്ളാത്താങ്കര സ്വർഗാരോപിതമാതാ ദേവാലയത്തിൽ ശനിയാഴ്ച വൈകീട്ട് കിടപ്പുരോഗികൾക്കായി പ്രത്യേക കുർബാന അർപ്പിക്കൽ നടന്നു. വൈകീട്ടോടെ ആയിരം നക്ഷത്രങ്ങളിൽ ദീപം തെളിച്ചു. തുടർന്ന് കരോൾ സംഘങ്ങളുടെ മത്സര കരോൾ ഗാനം നടന്നു. പാതിരാ കുർബാനയ്ക്ക് ഇടവക വികാരി മോൺ. വി.പി.ജോസ് മുഖ്യകാർമികത്വം വഹിച്ചു. കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവക വികാരി ഫാ,സജിതോമസും, ബാലരാമപുരം സെന്റ് സെബസ്ത്യാനോസ് ദേവാലയത്തിൽ ഇടവക വികാരി ഫാ.പയസ് ലോറൻസും പാതിരാ കുർബാനകൾക്ക് കാർമികത്വം വഹിച്ചു. കുരിശുമലയിൽ മോൺ.വിൻസെന്റ് കെ.പീറ്റർ പാതിരാ കുർബാന അർപ്പിച്ചു.