ബേപ്പൂർ തുറമുഖ വാർഫ് ബേസിനും കപ്പൽച്ചാലും ആഴംകൂട്ടുന്നതിനുള്ള ക്യാപ്പിറ്റൽ ഡ്രഡ്ജിങ് തുടങ്ങി
03 May 2023
News
ബേപ്പൂർ തുറമുഖ വാർഫ് ബേസിനും കപ്പൽച്ചാലും ആഴംകൂട്ടുന്നതിനുള്ള ക്യാപ്പിറ്റൽ ഡ്രഡ്ജിങ് തുടങ്ങി. ഇത് മലബാറിന്റെ സമഗ്ര വികസനത്തിന് മുതൽകൂട്ടാവുന്നതാണ്. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്തു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.
വാർഫ് ബേസിന്റെയും കപ്പൽച്ചാലിന്റെയും ആഴം എട്ടരമീറ്ററാക്കി വർധിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി മണ്ണുനീക്കൽ പ്രവൃത്തിയാണ് തുടങ്ങിയത്. ആഴം വർധിക്കുന്നതോടെ തുറമുഖത്ത് വൻകിട ചരക്കുകപ്പലുകൾക്കും യാത്രാ -ടൂറിസ്റ്റ് ബോട്ടുകൾക്കും അനായാസം നങ്കൂരമിടാനാകും. ഇതിനായി 11.8 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
നിലവിൽ മൂന്നര മുതൽ നാലുമീറ്റർ വരെയാണ് ആഴം. ഇതുകാരണം വൻകിട ചരക്ക് കപ്പലുകൾ, യാത്രാ കപ്പലുകൾ എന്നിവക്ക് തുറമുഖത്തെത്താൻ പ്രയാസമാണ്. ആഴംകൂട്ടിയാൽ 10,000 ടൺ ശേഷിയുള്ള കപ്പലുകൾക്ക് അനായാസം തുറമുഖത്തെത്താനാകും.
നേരത്തെ 25.25 കോടി രൂപ ചെലവിട്ട് തുറമുഖ വകുപ്പ് ഏറ്റെടുത്ത 3.83 ഏക്കർ ബേപ്പൂർ കോവിലകം ഭൂമിയിൽ ചരക്ക് സംഭരണത്തിനും കയറ്റിറക്കിനുമായി വിശാലമായ സംഭരണശാല നിർമിക്കാനും പദ്ധതിയുണ്ട്. ഏറ്റെടുത്ത സ്ഥലത്ത് ഒന്നരക്കോടി ചെലവിൽ ചുറ്റുമതിൽ നിർമാണവും പുരോഗമിക്കുന്നു. തൊഴിലാളികൾക്കും മറ്റുള്ളവർക്കുമായി ഡോർമിറ്ററി കം -കാന്റീനും ഒരുക്കും. വാർഫ് മൂന്നിരട്ടിയാക്കി ദീർഘിപ്പിക്കും.
തുറമുഖ വികസനത്തിന് 430 കോടി രൂപയുടെ സമഗ്ര പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ചരക്കുനീക്കത്തിലും യാത്രാകപ്പൽ സർവീസിലും കൊച്ചിക്ക് പിന്നിലായി സംസ്ഥാനത്ത് രണ്ടാമതുള്ള ബേപ്പൂർ തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം.
ചടങ്ങിൽ മേയർ ബീന ഫിലിപ്പ്, ഹാർബർ എൻജിനിയറിങ് ചീഫ് എൻജിനിയർ ജോമോൻ കെ ജോർജ്, കേരള മാരിടൈം ബോർഡ് അംഗം കാസിം ഇരിക്കൂർ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ കെ കൃഷ്ണകുമാരി, കൗൺസിലർമാരായ എം ഗിരിജ, കെ രാജീവ്, ടി രജനി എന്നിവർ സംസാരിച്ചു. കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള സ്വാഗതവും ടി പി സലീംകുമാർ നന്ദിയും പറഞ്ഞു.