
കനോലി കനാൽ സിറ്റി പദ്ധതിയുടെ നിർമാണപ്രവൃത്തി മൂന്നുമാസത്തിനകം തുടങ്ങും. ആദ്യഘട്ട പദ്ധതിയുടെ വിശദ പദ്ധതിരേഖ കിഫ്‌ബിക്ക് സമർപ്പിച്ചു. ഫയൽ നടപടി അവസാനഘട്ടത്തിലാണ്. മാർച്ചോടെ ടെൻഡർ നടപടി ആരംഭിക്കും. ജലഗതാഗതവും വിനോദസഞ്ചാര വികസനവുമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങൾ. നഗരത്തിലെ വെള്ളക്കെട്ടിനും കനാൽ നവീകരണം പരിഹാരമാകും.
11.2 കിലോമീറ്ററാണ് പദ്ധതി നടപ്പാക്കുന്നത്. അരയിടത്തുപാലം മുതൽ സരോവരം വരെ ഒന്നര കിലോമീറ്ററിലാണ് ആദ്യഘട്ടം. ഒന്നാംഘട്ടത്തിൽ സൗന്ദര്യവൽക്കരണത്തിനാണ് ഊന്നൽ. ഏതൊക്കെ രീതിയിലാണ് പദ്ധതി നടപ്പാക്കുകയെന്നതിൽ ഒന്നര മാസത്തിനകം തീരുമാനമാകും.
കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചേഴ്‌സ് ലിമിറ്റഡി(ക്വിൽ)നാണ് നിർവഹണ ചുമതല.
50 കോടി രൂപ ചെലവഴിച്ചുള്ള ആദ്യഘട്ട നിർമാണം 2024 മാർച്ചിൽ പൂർത്തിയാക്കും. രണ്ടുവർഷത്തിനകം രണ്ട്, മൂന്ന് ഘട്ടങ്ങൾ നടപ്പാക്കുമെന്ന് ക്വിൽ അധികൃതർ അറിയിച്ചു.
വിനോദസഞ്ചാരത്തിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി. കനാൽ ചെളിനീക്കി വീതികൂട്ടുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിനും ശാശ്വത പരിഹാരമാകും. മലിനജല ശുദ്ധീകരണ പ്ലാന്റ്, മിനി ബൈപാസ്, പാലങ്ങൾ പുതുക്കിപ്പണിയൽ, അപ്രോച്ച് റോഡ് വികസനം തുടങ്ങിയവ ഉൾപ്പെടെ 1118 കോടിയുടെ പദ്ധതിയാണിത്. കിഫ്‌ബിയാണ് സാമ്പത്തിക സഹായം. ലീ അസോസിയേറ്റ്‌സ് സൗത്ത് ഏഷ്യയാണ് ഡിപിആർ തയ്യാറാക്കിയത്. പ്രദേശത്തെ ഹൈഡ്രോളജിക്കൽ സർവേ, ജലം–-മണ്ണ് ഗുണനിലവാരം, ഗതാഗത സൗകര്യങ്ങൾ എന്നിവയുടെ പരിശോധന പൂർത്തിയായി.