
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കരുവണ്ണൂരിൽ കലാഗ്രാമംപദ്ധതി നടപ്പാക്കുന്നു. നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കലാസംരക്ഷണം, പരിപോഷണം എന്നീ ലക്ഷ്യങ്ങളുമായി പദ്ധതി നടപ്പാക്കുന്നത്. പ്രാഥമികാവശ്യത്തിന് ബ്ലോക്ക് പഞ്ചായത്ത് 11,10,000 രൂപയും നടുവണ്ണൂർ പഞ്ചായത്ത് ആറുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കരുവണ്ണൂരിൽ കലാഗ്രാമം പണിയാൻവേണ്ടി കലാകാരൻമാരുടെ കൂട്ടായ്മയായ ‘ആർട്ട് ഗാലറി’ പ്രവർത്തകർ ജനകീയമായി ആറരലക്ഷംരൂപ സമാഹരിച്ച് എട്ടുസെന്റ് സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. കോവിഡ്കാലത്താണ് ധനസമാഹരണം നടത്തിയത്. ആർട്ട് ഗാലറി ചെയർമാൻ ബൈജു കാഞ്ഞൂർ, മുകുന്ദൻ കരുവണ്ണൂർ (കൺ.), ബവീണ സന്തോഷ് (ഖജാ.), സുരേഷ് പി. ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. കരുവണ്ണൂരിലെ നാഗത്ത് ഭാഗത്താണ് കലാഗ്രാമത്തിന് സ്ഥലം കണ്ടെത്തിയത്. ഇതിൽ മൂന്നുനില ആർ.സി. കെട്ടിടമാണ് പണിയുക. മുകളിലും താഴെയും കോൺഫറൻസ് ഹാളുകളുണ്ടാകും. ഗ്രന്ഥാലയം, കലോത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള ഇടം, പഠനമുറികൾ തുടങ്ങിയവ കെട്ടിടത്തിലൊരുക്കും.