
നടുവണ്ണൂരിലെ പക്ഷി സർവേ, പഞ്ചായത്ത് ജൈവ വൈവിധ്യ റജിസ്റ്റർ നവീകരിക്കുന്നതിന്റെ ഭാഗംമായിട്ടാണ് നടന്നത്. 76 ഇനം പക്ഷികളെ, സർവേയുടെ ഒന്നാം ഘട്ടത്തിൽ കണ്ടെത്തി. ഓമന പ്രാവ്, പുള്ളി ചിലപ്പൻ, കൊമ്പൻ കുയിൽ, ചെങ്കുയിൽ, എന്നിവ ഇതിൽ ഉൾപ്പെടും. ഇതിൽ കൊമ്പൻ കുയിലിന്റെ സാന്നിധ്യം ആദ്യമായാണു പഞ്ചായത്തിൽ രേഖപ്പെടുത്തുന്നത്. ദേശാടന കാലത്തെ കണക്കെടുപ്പു കൂടി നടത്തുന്നതോടെ പക്ഷികളുടെ വൈവിധ്യം നൂറു കടക്കും എന്നു കണക്കാക്കുന്നു.
പറമ്പിൻകാട് പ്രദേശത്തിൽ പൊതുവെ കാണപ്പെടുന്ന മഞ്ഞക്കണ്ണി തിത്തിരി പക്ഷികളുടെ അസാന്നിധ്യവും സർവേയിൽ ശ്രദ്ധിക്കപ്പെട്ടു. പഞ്ചായത്തിലെ പക്ഷികളുടെ പ്രധാന കേന്ദ്രങ്ങളാണു പക്ഷി നിരീക്ഷക സംഘം സന്ദർശിച്ചത്. കിഴിക്കോട്ടുകടവു മുതൽ വെങ്ങളത്തുകണ്ടികടവു കണ്ടൽത്തുരുത്തു വരെയുള്ള ഭാഗം, മന്ദങ്കാവ് പറമ്പിൻകാട്, ഏച്ചിൽമല, രാമൻ പുഴയോരം, വല്ലോറ മല, കോക്കരപ്പാറ, കരുവണ്ണൂർ എളയടത്തുതാഴെ ഭാഗം, നടുവണ്ണൂർ ടൗൺ ഭാഗങ്ങളിലെ പക്ഷികളുടെ സ്വാഭാവിക വാസസ്ഥലത്ത് എത്തിയാണു സർവേ നടത്തിയത്.
പക്ഷികളുടെ ശബ്ദം റെക്കോർഡ് ചെയ്തു പഞ്ചായത്ത് ഡേറ്റാ ബേസിലേക്ക് ചേർത്തു. പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി കൺവീനർ എൻ.കെ. സലീം, പദ്ധതി കോഓർഡിനേറ്റർ എസ്.സുജിത്ത്, ആർ.അരുൺ, മുഹമ്മദ് ഹിറാഷ്, വിഷ്ണു കൂത്തുപറമ്പ്, എൻ.എസ്.അർജുൻ തുടങ്ങിയവരാണു സർവേയിൽ പങ്കെടുത്തത്.