
പന്തീരാങ്കാവ് : വെങ്ങളം–രാമനാട്ടുകര ദേശീയപാത ബൈപാസിലെ ഏറ്റവും നീളം കൂടിയ മേൽപാലം തുറക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. പന്തീരാങ്കാവ് പാലാഴി റോഡ് ജംക്‌ഷൻ മേൽപാലം ഈ മാസം 30നകം ഗതാഗതത്തിനായി തുറന്നുകൊടുക്കും. ബൈപാസിലെ ഗതാഗതക്കുരുക്കുകൾ കുറക്കാൻ നിർണായകമാകുന്ന ഈ മേൽപാലം പ്രവർത്തന സജ്ജമാകുന്നതോടെ വാഹനയാത്ര കൂടുതൽ സുഗമമാകും.
700 മീറ്റർ നീളവും 14 മീറ്റർ വീതിയുമുള്ള രണ്ടു മേൽപാലങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. ഇരിങ്ങല്ലൂർ–മുന്നല്ലേരി റോഡിലെ പാലാഴി മാത്തറ ജംക്‌ഷനിൽ നിന്നാണ് മേൽപാലത്തിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നത്. പൊറ്റമ്മൽ കെ.ടി താഴം റോഡിലാണ് പാലത്തിന്റെ അവസാന ഭാഗം. കെഎംസി കൺസ്ട്രക്‌ഷൻസ് ആണ് ഈ നിർമാണ പ്രവൃത്തി ഏറ്റെടുത്തത്.
പാലാഴി ജംക്‌ഷനിൽ നിലവിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഈ മേൽപാലം പരിഹാരമാകും. രണ്ട് വലിയ മേൽപാലങ്ങളുടെ നിർമ്മാണം പൂര്‍ത്തിയാകുന്നതോടെ നിത്യയാത്രക്കാർക്കും ലോറിയുടേയും ബസുകളുടേയും ഗതാഗതത്തിനും സുതാര്യത വരും.