
നെല്യാടിയിലെ വിശാലമായ തടാകം, പരന്നുകിടക്കുന്ന പുഴയിൽ ശിക്കാര ബോട്ട് യാത്ര, സ്പീഡ് ബോട്ട് യാത്ര,പെഡൽ ബോട്ട് യാത്ര, കയാക്കിങ് തുടങ്ങിയവ ആസ്വദിക്കാനുള്ള അവസരം. കൂടാതെ തീരത്ത് ആംഫി തിയറ്റർ, മാജിക് ഷോ, കളരിപ്പയറ്റ്, റസ്റ്ററന്റ്, കണ്ടൽ വനം, കാവുകൾ തുടങ്ങിയവയും ഉൾപ്പെടുന്നു. ഒപ്പം ജല വിനോദ പരിപാടികളും. ഇതെല്ലം ഒരുക്കികൊണ്ട് കൊയിലാണ്ടി നഗരസഭയുടെ കവാടമായ നെല്യാടി പുഴയിലെ വൻ ടൂറിസം പദ്ധതി നാളെ തുടങ്ങുന്നതാണ്. കാനത്തിൽ ജമീല എംഎൽഎ ഈ ടൂറിസം പദ്ധതി നാടിനു നാളെ സമർപ്പിക്കും. ചടങ്ങിൽ ടി.പി.രാമകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയാകും.
ആംഫി തിയറ്റർ ചലച്ചിത്ര താരം സുനിൽകുമാറും ശിക്കാര ബോട്ട് നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ടും, വെബ്സൈറ്റ് നഗരസഭ ഉപാധ്യക്ഷൻ കെ.സത്യനും സ്പീഡ് ബോട്ട് മുൻ എംഎൽഎ കെ.ദാസനും ഉദ്ഘാടനം ചെയ്യും. നെല്യാടി പുഴയുടെ തീരമായ കൊടക്കാട്ടും മുറിയിലാണ് പരിപാടി.ഗ്രാമീണ ഉത്തരവാദിത്ത ടൂറിസം സാധ്യതകൾ വികസിച്ചു വരുന്ന കാലഘട്ടത്തിൽ നെല്യാടിപ്പുഴയും അതിന്റെ ഇരുകരകളിലുമുള്ള നാടുകളും കൊയിലാണ്ടിയുടെ പൈതൃക സംസ്കാരവും സഞ്ചാരികൾക്കു അനുഭവ വേദ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച നെല്യാടി ലെഷർ ടൂറിസം പദ്ധതിയാണ് കൊയിലാണ്ടി നഗരസഭയിലെ നെല്യാടി കേന്ദ്രമാക്കി പ്രവർത്തന സജ്ജമാവുന്നത്.
നെല്യാടി പുഴയുടെ തീരമായ കൊടക്കാട്ടും മുറിയിൽ വിവിധ ജല വിനോദ പരിപാടികൾ പുഴയുടെ തീരത്തെ മുഖ്യ ആകർഷണമാണ്. നെല്യാടിപ്പുഴയിലൂടെ ശിക്കാര വഞ്ചിയിലൂടെ നടത്തുന്ന ഉല്ലാസ യാത്രയും, പുഴയുടെ ഇരുകരകളിലുമുള്ള ഇടതൂർന്ന കണ്ടൽക്കാടുകളും ദേശാടനപ്പക്ഷികളുടെയും നീർനായകളുടെയും ആവാസ കേന്ദ്രങ്ങളും ദർശിക്കാൻ കഴിയുന്നതും അനുഭൂതിയാണ്. സർക്കാർ ബജറ്റിൽ 2 കോടി രൂപ നെല്യാടി ടൂറിസം വികസനത്തിന് വകയിരുത്തിയിട്ടുണ്ട്. മുൻ എംഎൽഎ കെ.ദാസൻ പ്രസിഡന്റും കെ.ടി.രഘു ചെയർമാനും എ.ഡി.ദയാനന്ദൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നെല്യാടി ലെഷർ ടൂറിസം പദ്ധതിക്കു നേതൃത്വം നൽകുന്നത്.