
ഭാസ്കരേട്ടന്റെ കടയിൽ കിട്ടുന്ന സർബത്തിനേക്കാൾ രുചിയുള്ള ഒരു പാനീയം കോഴിക്കോട്ടുകാർക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. 60 വർഷം മുമ്പ് ഭാസ്കരനും കുമാരനും ചേർന്ന് ആരംഭിച്ച എം.എസ്. മിൽക് സർബത്ത് കോഴിക്കോടിൽ ഏറ്റവും പ്രിയമേറിയതാണ്. ഇത്രയേറെപ്പേർ സ്നേഹിച്ച ദാഹജല കട മറ്റൊന്ന് കോഴിക്കോടുണ്ടാവില്ല. രുചിപെരുമയിൽ ഇടം പിടിച്ച ഭാസ്കരേട്ടൻറ മിൽക്ക് സർബത്ത് കട ഓർമ്മയാവുകയാണ്.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കട ഇന്നൊഴിയും. എന്നാൽ, പുതിയ സർബത്ത് ഉടൻ ആരംഭിക്കുമെന്ന് ഭാസ്കരേട്ടൻറ മകൻ മുരളി അറിയിച്ചിരിക്കുകയാണ്. ഭാസ്കരനും കുമാരനും തുടങ്ങിയ എം.എസ്. മിൽക് സർബത്ത് ഇതുവഴി കടന്നുപോയവരുടെ മുഴുവൻ ഇഷ്ടപാനീയമാക്കിയത് രുചിക്കൂട്ടിൻറ സവിശേഷത തന്നെ. ഒരിക്കൽ രുചിഅറിഞ്ഞവർ വീണ്ടും വീണ്ടും എത്തുന്നു.
കട മറ്റൊരിടത്ത് തുടങ്ങണമെന്ന ആഗ്രഹവുമായാണ് പൂട്ടിടുന്നത്. സർബത്ത് കട എവിടെ തുടങ്ങിയാലും അവിടെ പോയി കുടിക്കുമെന്നാണ് സ്ഥിരമായി ഇവിടെയുത്തുന്നവരും പറയുന്നത്. ഇതേകുറിച്ച് ഭാസ്കരൻറ മകൻ മുരളി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിങ്ങനെ:- "അച്ഛൻറ 14ാമത്തെ വയസിൽ തുടങ്ങിയതാണ് സർബത്ത് കട. ആദ്യം മൂന്നാംഗേറ്റിനടുത്തായിരുന്നു. അവിടെ റോഡ് വീതികൂട്ടിയപ്പോൾ ഞങ്ങൾ ഇപ്പോഴുള്ള സ്ഥാപനം 1962 ൽ ഞങ്ങളെ ഏൽപിച്ചു. പിറകിലുള്ള ബിൽഡിംങ് ഒണറുമായി കേസിലായിരുന്നു. ഒഴിയാൻ വിധിയായിട്ടുണ്ട്. വിധിപ്രകാരം 14ന് രാവിലെ 11ന് മണിക്ക് ഒഴിഞ്ഞുകൊടുക്കാൻ ഉത്തരവായിരിക്കുന്നു. പുതിയ സർബത്ത് കട ഉടനെ ആരംഭിക്കുന്നതാണ്''.