
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ആഘോഷമാക്കി ബേപ്പൂർ. ഓഫീസ് ഉദ്ഘാടനം തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു. ആഭ്യന്തര വിദേശ ടൂറിസ്റ്റുകളെ ഒരുപോലെ ആകർഷിച്ച ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഇത്തവണ ജലകായികമേള, ജലഘോഷയാത്ര, ഭക്ഷ്യമേള തുടങ്ങിയ വിപുലമായ പരിപാടികളോടെ ജനകീയോത്സവമായി മാറുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജനകീയോത്സവമെന്ന നിലയിൽ ലോകശ്രദ്ധ പിടിച്ചു പറ്റിയ ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഇതിനകം ടൂറിസം കലണ്ടറിൽ ഇടം നേടിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
ലോകഭൂപടത്തിൽ ഇടം പിടിച്ച വിനോദസഞ്ചാരകേന്ദ്രമായ ബേപ്പൂരിന്റെ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ഫറോക്ക് പഴയ പാലം, പുതിയ പാലം, മാത്തോട്ടം പാലം എന്നീ പാലങ്ങൾ പെയിന്റ് ചെയ്ത് വെളിച്ചം നൽകി അലങ്കരിക്കും.
പുളിമൂട്ടിലേക്കുള്ള റോഡിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ചു അബ്രക്കാടബ്ര കോഴിക്കോട് സംഘം അവതരിപ്പിച്ച സംഗീത നിശയും ബേപ്പൂരിൽ അരങ്ങേറി.