ബേപ്പൂരിനെയും കുമരകത്തെയും കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി
07 Jan 2023
News
ടൂറിസം മേഖലയിൽ വൻ നേട്ടവുമായി ബേപ്പൂരും കുമരകവും. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ബേപ്പൂരും കുമരകവും ഉൾപ്പെടുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിർദേശം പരിഗണിച്ചാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ഇവ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.ബേപ്പൂരിലെ ഉരു ടൂറിസം, ജലസാഹസിക ടൂറിസം, കുമരകത്തെ കായൽ ടൂറിസം എന്നിവയെ അടിസ്ഥാനമാക്കിയാകും പദ്ധതികൾ ആവിഷ്കരിക്കുക.
ടൂറിസം സർക്യൂട്ടുകളുടെ വികസനം, സംയോജിത വികസനം, സാംസ്കാരിക പൈതൃക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കൽ, വിനോദ സഞ്ചാര അനുഭവം സമ്പൂർണ തോതിൽ ലഭ്യമാക്കൽ, ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കൽ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നൽകുന്ന വിശദ പദ്ധതിയനുസരിച്ച് സാമ്പത്തിക സഹായവും ലഭിക്കും.
ജനങ്ങൾക്ക് ഉപജീവന മാർഗങ്ങൾ കണ്ടെത്താനും സംസ്കാരം, കല എന്നിവ പ്രോത്സാഹിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായകരമാവും.
ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കിയതിലൂടെ കുമരകത്തിന് രാജ്യാന്തര ബഹുമതി ലഭിച്ചിരുന്നു. ബേപ്പൂരിലും സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കി വരികയാണ്.
കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സ്വദേശ് ദർശൻ പദ്ധതിയിൽ കുമരകത്തേയും ബേപ്പൂരിനേയും പരിഗണിച്ച കേന്ദ്ര തീരുമാനം സഹായകരമാകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിനുള്ള സാധ്യതകൾ സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനുള്ള ഇടപെടലും സഹായവും ടൂറിസം വകുപ്പ് ഒരുക്കും. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.