
സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലൊരുക്കിയ തുറമുഖവകുപ്പിന്റെ സ്റ്റാളിലാണ് ബേപ്പൂർ സുൽത്താന്റെ പേരിലുള്ള യാത്രാക്കപ്പൽ. ഒരു കപ്പലിനകത്തു കയറിയ പ്രതീതിയാണ് സന്ദർശകർക്ക്. കപ്പലുകളും തുറമുഖവുമായി ബന്ധപ്പെട്ട കാഴ്ചകളും വിശദവിവരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കപ്പൽ ബന്ധിപ്പിക്കുന്ന വിവിധയിനം കെട്ടുകൾ സ്റ്റാളിൽ കാണാം. ബോലൈൻ, ഐ സ്പ്ലൈസിങ് തുടങ്ങിയ കെട്ടുകൾ ഉപയോഗിക്കേണ്ട അവസരങ്ങളെക്കുറിച്ച് അധികൃതർ വിശദീകരിക്കുന്നു. ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
പഴയകാലത്ത് ഉപയോഗിച്ചിരുന്ന ബൈനോക്കുലർ, മെഗാഹോൺ, ദിശയറിയാനുള്ള കൊമ്പസുകൾ, റഡാർ തുടങ്ങി ഒരു കപ്പലുമായി ബന്ധപ്പെട്ടതെല്ലാം സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽപ്പെടുന്ന കപ്പലുകൾ ഉപയോഗിക്കുന്ന സ്‌മോക്ക് സിഗ്നൽ പോലെയുള്ള വ്യത്യസ്ത സംവിധാനങ്ങളെക്കുറിച്ചും ഇവിടെ നിന്നും മനസ്സിലാക്കാം. ചരക്കുകപ്പലിന്റെയും നങ്കൂരമിടുന്നതിന്റെയുമെല്ലാം മാതൃക സ്റ്റാളിലുണ്ട്.
Kozhikode District Collector Facebook Page