
ബേപ്പൂർ സംയോജിത ഉത്തരവാദിത്വ ടൂറിസം വികസന പദ്ധതിയുടെ നാലാംഘട്ട പ്രവർത്തനങ്ങൾക്ക് സർക്കാർ ഒരുകോടി രൂപ അനുവദിച്ചു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ പെപ്പർ (പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപ്പേറ്ററി പ്ലാനിങ് ആൻഡ് എംപവർമെന്റ് ത്രൂ റെസ്പോൺസിബിൾ ടൂറിസം), മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമങ്ങൾ എന്നീ പദ്ധതികളിലൂടെ ബേപ്പൂരിനെ ഉത്തരവാദിത്വ ടൂറിസത്തിന്റെ ആഗോളമാതൃകയാക്കി മാറ്റുകയാണ് ലക്ഷ്യം.
മൂന്ന് ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതാണ്. നാലാംഘട്ടത്തിന്റെ ഭാഗമായി പദ്ധതിയിലെ യൂണിറ്റുകളിൽ മാലിന്യ സംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്, പോട്ട് കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ് എന്നിവ സ്ഥാപിക്കുന്നതിന് നാല് ലക്ഷം രൂപ വകയിരുത്തി. വനിതകൾക്ക് ഇലക്‌ട്രിക് ഓട്ടോയ്‌ക്ക് 10 ലക്ഷം രൂപ, കടലുണ്ടിയിൽ ഗ്രീൻ ഡെസ്റ്റിനേഷൻ പദ്ധതിക്ക് അഞ്ച് ലക്ഷം രൂപ, മികച്ചതും ഒരുവർഷം പ്രവർത്തിച്ചതുമായ യൂണിറ്റുകൾക്ക് ഒറ്റത്തവണ 30,000 രൂപ വീതം സഹായം, 10 യൂണിറ്റിന് മൂന്ന് ലക്ഷം രൂപ, പരിശീലനങ്ങൾക്കായി അഞ്ച് ലക്ഷം രൂപ, ടൂർ ഓപ്പറേറ്റർമാരുടെ സന്ദർശനത്തിന് ഒരുലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തി.
ബേപ്പൂർ ആർടി ഇന്റർനാഷണൽ ടെക്‌സ്റ്റയിൽ ആർട് ആൻഡ് ആർടി ഫെസ്റ്റിന് 55 ലക്ഷം രൂപയും അനുവദിച്ചു. വിവിധ യൂണിറ്റുകൾ, സർഫിങ് സ്‌കൂൾ എന്നിവയുടെ മാർക്കറ്റിങ്ങിന് 14 ലക്ഷം രൂപയുമുണ്ട്. നാലാംഘട്ടം പൂർത്തിയാകുന്നതോടെ ലോക ടൂറിസം ഭൂപടത്തിൽ തലയെടുപ്പോടെ ബേപ്പൂർ നിറഞ്ഞുനിൽക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
അറബിക്കടൽ, ചാലിയാർ, ഒരു കിലോമീറ്റർ നീളമുള്ള പുലിമുട്ട്, ബേപ്പൂർ തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷിസങ്കേതം, അപൂർവ കണ്ടൽക്കാടുകൾ എന്നിവ ബേപ്പൂരിന്റെ സവിശേഷതകളാണ്. ഗ്രാമീണ ജീവിതരീതികൾ, ഭക്ഷണ, സാംസ്കാരിക തനിമ തുടങ്ങിയവയുടെ സാധ്യതകളും ചേർത്താണ് ഉത്തരവാദിത്വ ടൂറിസം കേന്ദ്രമാക്കി മാറ്റുക.