
ബേപ്പൂർ വള്ളംകളി മത്സരം ഇന്ന് തുടങ്ങും. ബേപ്പൂർ വാട്ടർ ഫെസ്റ്റിനുപിന്നാലെ ചാലിയാർ വള്ളംകളി മത്സരത്തിന് ശനിയാഴ്ച തുടക്കമാവും. ചാലിയാറിന് കുറുകെയുള്ള ഫറോക്ക് പഴയപാലത്തിനും പുതിയപാലത്തിനുമിടയ്ക്കാണ് വള്ളംകളി മത്സരം നടക്കുക. വിനോദസഞ്ചാരവകുപ്പ്, ജില്ലാഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് മത്സരം.
10 സംഘങ്ങളായി ചുരുളൻവള്ളങ്ങളിൽ കപ്പിത്താൻമാരായ രജിത്, ടി. കുഞ്ഞികൃഷ്ണൻ, ടി.വി. രജിഷ്, സജിത്, ടി. ശ്രീധരൻ, പി. മധു, കെ.വി. അജേഷ് എം. സുനിൽ, കെ. ബാലകൃഷ്ണൻ, പി.വി. സതീശൻ എന്നിവർ ചുക്കാൻ പിടിക്കും. മത്സരിക്കുന്ന വള്ളങ്ങളിൽ 30 പേർ തുഴയും. 60 അടി നീളമുള്ളതാണ് ചുരുളൻവള്ളങ്ങൾ. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മത്സരം തുടങ്ങും.
കാസർകോട് ജില്ലയിൽനിന്നുള്ള 10 ടീമുകളാണ് ചുരുളൻവള്ളങ്ങളിൽ മത്സരിക്കുന്നത്. മൂന്ന് ഹീറ്റ്‌സുകളും മൂന്ന് ഫൈനലുകളും ഉൾക്കൊള്ളുന്നതാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും.