
ശുചിത്വ സുന്ദര നഗരമാകാനൊരുങ്ങുകയാണ് കോഴിക്കോട്. ഇതിനായി കോഴിക്കോട് കോർപറേഷൻ ആവിഷ്‌ക്കരിച്ച അഴക് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സർക്കാർ പദ്ധതികളിലൂടെ മാത്രം കേരളത്തെ ശുചിത്വ സംസ്ഥാനമാക്കി മാറ്റാനാവില്ലെന്നും ജനകീയ ഇടപെടൽ ഇതിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയ ശുചിത്വ പെരുമാറ്റച്ചട്ടത്തിലൂടെ മൂന്നു വർഷം കൊണ്ട് കോഴിക്കോട് നഗരത്തെ ശുചിത്വ സുന്ദരമാക്കിത്തീർക്കുകയാണ് അഴക് പദ്ധതിയുടെ ലക്ഷ്യം. അഴകിന്റെ ഭാഗമായി തയ്യാറാക്കിയ ശുചിത്വ പ്രോട്ടോകോൾ അനുസരിച്ച് വിവിധ മേഖലകളിൽ ഇടപെടൽ നടത്തും. വീടുകൾ, വിദ്യാലയങ്ങൾ, ബസ്സ്റ്റാന്റുകൾ, ടൂറിസ്റ്റ് - പൈതൃക കേന്ദ്രങ്ങൾ, ആശുപത്രി, ഹോട്ടലുകൾ എന്നിങ്ങനെ 51 ഇടങ്ങളിലായാണ് പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നത്. ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി.
Source: Mediaone online