
കോഴിക്കോട് ജില്ലയിൽ നാടിന്റെ കൂട്ടായ അധ്വാനത്തിൽ രൂപപ്പെടുത്തിയ ‘അഴക്’ ഒരുവർഷം പൂർത്തിയാക്കുകയാണ്. അഴകിലൂടെ മാലിന്യത്തെ പടിക്ക് പുറത്താക്കാനുള്ള പാതയിൽ ഏറെ മുന്നേറിയിരിക്കയാണ് കോർപറേഷൻ. ശുചിത്വ നഗരമൊരുക്കുകയെന്ന ലക്ഷ്യത്തിൽ കഴിഞ്ഞ ഒക്‌ടോബറിലാണ് അഴകിന് തുടക്കമിട്ടത്. ഹരിതകർമസേനവഴി ജൈവ–-അജൈവ മാലിന്യം വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും വെവ്വേറെ ശേഖരിച്ച് സംസ്‌കരിക്കലാണ് ഇതിൽ പ്രധാനം. 93 ശതമാനം വീടുകളും ഉദ്യമത്തിന്റെ ഭാഗമായി. ഇതോടെ മാലിന്യം വലിച്ചെറിയുന്നതിന് വലിയൊരളവുവരെ പരിഹാരമായി. 3.42 ലക്ഷം ചാക്ക് മാലിന്യം നീക്കി.
ഓരോതരം മാലിന്യവും വീടുകളിൽനിന്ന് ശേഖരിക്കുന്നതിന് പ്രത്യേക കലണ്ടർ തയ്യാറാക്കിയാണ് പ്രവർത്തനം. ജൈവ മാലിന്യം, പ്ലാസ്‌റ്റിക്, ചെരിപ്പ്, ബാഗ് തുടങ്ങിയവയാണ് ശേഖരിക്കുന്നത്. സ്വകാര്യ ഏജൻസി വഴി ഡയപ്പർ, സാനിറ്ററി നാപ്‌കിൻ എന്നിവയും കൊണ്ടുപോകും. ഒരുവർഷത്തിനുള്ളിൽ ആറ് ഘട്ടമായി 3,42,353 ചാക്ക് മാലിന്യം നീക്കി. ഒരു ചാക്കിൽ ശരാശരി എട്ട് കിലോഗ്രാം മാലിന്യമുണ്ടാവും. ജൈവ മാലിന്യം ഞെളിയൻ പറമ്പിലും അജൈവ മാലിന്യം സംസ്‌കരിക്കാൻ ഏജൻസികൾക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.
നഗരത്തിൽ മൊത്തം 1,45,729 വീടുകളാണുള്ളത്. ഇതിൽ 11,213 വീടുകളാണ് അഴകിന്റെ ഭാഗമാകാനുള്ളത്. 3600 വീടുകളിൽ ആൾതാമസമില്ല. സൗത്ത്(23 വാർഡുകൾ), നോർത്ത് (25 വാർഡുകൾ), സെൻട്രൽ(27) മൂന്ന് കൺസോർഷ്യമായാണ് പ്രവർത്തനം.
അഴകിലൂടെ ആദ്യമായി വീടുകളിൽനിന്ന് ഇ -മാലിന്യവും ശേഖരിച്ചുതുടങ്ങി. ഏഴാം ഘട്ടത്തിൽ ഇ -മാലിന്യം മാത്രമാണ് ശേഖരിക്കുന്നത്. സ്ഥാപനങ്ങളിൽനിന്ന് മാലിന്യമെടുക്കാൻ 20 പേരടങ്ങുന്ന പ്രത്യേക ഹരിതകർമ സേനയെയും രൂപീകരിച്ചിട്ടുണ്ട്.