
പട്ടികജാതി, പട്ടികവർഗ കോളനികളിലെ വിദ്യാഭ്യാസ, ഭൗതിക വികസനത്തിനും ആരോഗ്യസംരക്ഷണത്തിനും സഹായംനൽകാൻ നവജീവനം-2022 പദ്ധതിയുമായി പേരാമ്പ്രയിലെ അസറ്റ് ചാരിറ്റബിൾ ട്രസ്റ്റ്. പേരാമ്പ്ര നിയോജകമണ്ഡലത്തിലെ 152 പട്ടികജാതി കോളനികളെയും ഒമ്പത് പട്ടികവർഗ കോളനികളെയും കേന്ദ്രീകരിച്ചാണ് മൂന്നുവർഷക്കാലംകൊണ്ട് പദ്ധതി നടപ്പാക്കുന്നത്. പേരാമ്പ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക- സന്നദ്ധസേവന ട്രസ്റ്റാണ് അസറ്റ്.
ആദ്യഘട്ടമായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുമായി സഹകരിച്ച് കോളനി നിവാസികളുടെ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി തുടർചികിത്സ ലഭ്യമാക്കുന്നതിനായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയാണ്. തുടർചികിത്സ ആവശ്യമുള്ളവർക്ക് മിംസിൽ ചികിത്സ ലഭ്യമാക്കുകയും ചെയ്യും.
ആദ്യഘട്ടത്തിൽ അഞ്ച് പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത 10 കോളനികളിൽ ക്യാമ്പ് നടന്നുകഴിഞ്ഞു. 25 മുതൽ 30 വരെയാണ് രണ്ടാംഘട്ട ക്യാമ്പുകൾ.
Source: Mathrubhumi