ഏഷ്യൻ സോഫ്റ്റ്ബാൾ ഗെയിംസ്; അഭിമാനതാരകങ്ങളായി കടലുണ്ടി സ്വദേശിനികൾ തൃഷയും ഹസീനത്ത് ഫിദയും
24 May 2024
News
നേപ്പാളിൽ നടന്ന ഏഷ്യൻ സോഫ്റ്റ്ബാൾ ഗെയിംസ് സീനിയർ, ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ടൂർണമെന്റുകളിൽ ജേതാക്കളായ ഇന്ത്യൻ ടീമുകളിൽ അഭിമാനതാരകങ്ങളായി കടലുണ്ടി സ്വദേശിനികളായ തൃഷയും ഹസീനത്ത് ഫിദയും. നേപ്പാളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇവരടങ്ങിയ ടീം ഇന്ത്യക്ക് കിരീടം ഉറപ്പിച്ചത്.
നേപ്പാൾ പൊക്കാറ ഇന്റനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ നേപ്പാളിനെ (51-55)പരാജയപ്പെടുത്തിയാണ് പെൺകുട്ടികളുടെ സീനിയർ വിഭാഗം കിരീടം ചൂടിയത്. ജൂനിയർ വിഭാഗത്തിലും നേപ്പാളിനെ (61-75) പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. 15 വയസ്സു മുതൽ കളിക്കുന്ന ഹസീനത്ത് സംസ്ഥാന, ദേശീയ തലങ്ങളിൽ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. അന്തർ ദേശീയ തലത്തിൽ ജൂനിയർ വിഭാഗത്തിലെ ആദ്യ മത്സരമാണിത്. മീഞ്ചന്ത ഗവ. ആർട്സ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. വട്ടപ്പറമ്പ് തെക്കേ മരക്കാട്ടിൽ ഹനീഫ, സീനത്ത് ദമ്പതികളുടെ മകൾ.
അഞ്ചാം ക്ലാസ് മുതൽ കായിക രംഗത്ത് സജീവമായ തൃഷ ജില്ല,സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അന്തർദേശീയ സീനിയർ വിഭാഗത്തിലെ ആദ്യ മത്സരമാണിത്. ഫാറൂഖ് കോളജ് മലയാളം അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. പനക്കത്തൊടിയിൽ താമസിക്കുന്ന പാലക്കത്താഴത്ത് മാധവൻ, സുജാത ദമ്പതികളുടെ മകളാണ്. കടലുണ്ടിയിൽ നിന്നും ഇന്ത്യക്കുവേണ്ടി ബഹുമതി നേടുന്നവരിൽ ശ്രദ്ധ നേടിയിരിക്കുകയാണ് നാട്ടിലെ താരങ്ങളായ രണ്ടുപേരും.