ലോക ഐടി ഭൂപടത്തിൽ കോഴിക്കോടിന്റെ സ്ഥാനം ഉറപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ സജീവമായി നടക്കുന്നു
28 Jul 2023
News
കോഴിക്കോടിനെ ഐടി നഗരമാക്കുക എന്ന ലക്ഷ്യത്തോടെ, വിനോദ സഞ്ചാരവകുപ്പിന്റെയും മറ്റും സഹകരണത്തോടെ, വിവിധ സംസ്ഥാനങ്ങളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും റോഡ് ഷോ അടക്കമുള്ള വാർഷിക പരിപാടികൾ സംഘടിപ്പിക്കുമെന്നു കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) എംഡി ഡോ.സന്തോഷ് ബാബു പറഞ്ഞു. .നഗരത്തിലെ ബിസിനസ് , ജോലി സാധ്യതകളും സവിശേഷ സൗകര്യങ്ങളും മറ്റു സംസ്ഥാനങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ട് വൻകിട ഐടി കമ്പനികളെ കോഴിക്കോട് ഗവ.സൈബർ പാർക്കിലേക്ക് ആകർഷിക്കുകയും ലോക ഐടി ഭൂപടത്തിൽ കോഴിക്കോടിന്റെ സ്ഥാനം ഉറപ്പിക്കുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
184 കോടി മുതൽ മുടക്കിൽ സൈബർ പാർക്കിൽ പുതിയ കെട്ടിടം അടക്കമുള്ള സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി ഒരുങ്ങുന്നു. 4 ലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കിയിട്ടുണ്ട്. മൂന്നോ നാലോ മാസത്തിനുള്ളിൽ നിർമാണം ആരംഭിച്ച് രണ്ടര വർഷത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 100 കോടി രൂപ കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ബാക്കി തുക കെഎസ്ഐടിഐഎൽ സ്വരൂപിക്കും.
സൈബർ പാർക്കിൽ നിലവിൽ 84 കമ്പനികളാണ് പ്രവർത്തിക്കുന്നത്. കൂടുതൽ കമ്പനികളെ ഉൾക്കൊള്ളാനുള്ള സ്ഥലസൗകര്യം അടക്കമുള്ള സംവിധാനങ്ങളെല്ലാം ഉണ്ട്. എറണാകുളം, കൊല്ലം, ചേർത്തല, കൊരട്ടി എന്നീ 4 കോറിഡോറുകളിലായി 79 പാർസൽ ലാൻഡ് ഒരുക്കുമെന്നും ഇതിനായി കിഫ്ബി 1000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സന്തോഷ് ബാബു പറഞ്ഞു. ഐടി നഗരമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മലബാർ ചേംബർ ഓഫ് കോമേഴ്സ്, ഐഐഎംകെ, ക്രെഡായ്, കാഫിറ്റ്, ഐഐഎം, എൻഐടി, ഗവ. സൈബർ പാർക്ക്, യുഎൽ സൈബർ പാർക്ക്, കെഎസ്ഐടിഎൽ എന്നിവ ചേർന്നു സിറ്റി 2.0 എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ചുരുങ്ങിയ മുതൽ മുടക്കിൽ ഐടി, ഐടി അനുബന്ധ കമ്പനികളും ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ് (ബിപിഒ) സ്ഥാപനങ്ങളും ആരംഭിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയതായും ഡോ.സന്തോഷ് ബാബു അറിയിച്ചു.
ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ നടപ്പാക്കുന്ന ഫോസ്റ്ററിങ് ടെക്നോളജീസ് ഇൻ റൂറൽ ഏരിയ (ഫോസ്റ്ററ) എന്ന പേരിലുള്ള പദ്ധതിക്ക് 825 ലക്ഷം രൂപയാണ് ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി പ്രകാരം ഐടി സംരംഭകരാകുന്നവർക്ക് മുതൽമുടക്കിന്റെ 50% കെഎസ്ഐടിഐഎൽ നൽകും. വനിതാ സംരംഭകർക്ക് 60 ശതമാനവും ഭിന്നശേഷിക്കാർക്ക് പ്രത്യേക സാമ്പത്തിക സഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.