കോഴിക്കോട്ടുകാരെ സിനിമയുടെ മെഗാസ്ക്രീൻ കാഴ്ചകളിലേക്ക് കൊണ്ടുപോയ അപ്സര തിയേറ്റർ പൂട്ടുന്നു
30 May 2023
News
അനവധി മെഗാഹിറ്റ് സിനിമകളടക്കം പ്രദർശിപ്പിച്ച അപ്സര തിയേറ്റർ പൂട്ടുന്നു. ഇതോടൊപ്പം കോഴിക്കോട്ടുകാരെ സിനിമയുടെ മെഗാസ്ക്രീൻ കാഴ്ചകളിലേക്ക് കൊണ്ടുപോയ ഒരു കാലഘട്ടത്തിനുകൂടിയാണ് തിരശ്ശീല വീഴുന്നത്.
പ്രേംനസീറും ശാരദയും ചേർന്നാണ് 1971-ൽ അപ്സര തിയേറ്റർ ഉദ്ഘാടനം ചെയ്തത്. പീന്നിടങ്ങോട്ട് മലബാറിന്റെ സിനിമാ ഓർമകളിൽ അപ്സര തിയേറ്ററിന് പ്രഥമസ്ഥാനമുണ്ടായിരുന്നു. മാനുഷികമൂല്യങ്ങൾക്കും കലാമൂല്യങ്ങൾക്കും പ്രാധാന്യം നൽക്കുന്ന ആളുകൾ സിനിമയുമായി മുന്നോട്ടുവരണമെന്നാണ് അന്ന് അപ്സര ഉദ്ഘാടനംചെയ്ത് പ്രേംനസീർ പറഞ്ഞത്.
കേരളത്തിലെ എറ്റവും വലിയ എയർകണ്ടീഷൻ ചെയ്ത 70.70 തിയേറ്റർ മിഴിതുറക്കാൻ പോകുന്നെന്ന പരസ്യവാചകത്തെ ഇരുകൈയും നീട്ടിയാണ് കോഴിക്കോട്ടുകാർ സ്വീകരിച്ചത്. സിനിമയുടെ രൂപവും രീതിയും മാറുമ്പോഴും ഒട്ടേറെ തിയേറ്ററുകൾ നഗരത്തിൽ വരുമ്പോഴും അപ്സര തലയെടുപ്പോടെ നിലകൊണ്ടു. തൊമ്മൻ ജോസഫ് കൊച്ചുപുരയ്ക്കലായിരുന്നു അപ്സരയുടെ സ്ഥാപകൻ. കെ.ജി. സുകുമാരനാണ് തിയേറ്ററിന്റെ ശില്പി.
പ്രദർശനത്തിനെത്തിയ ചിത്രങ്ങൾകൊണ്ട് മാത്രമല്ല തിയേറ്ററിലെത്തിയ പ്രമുഖ വ്യക്തിത്വങ്ങളെക്കൊണ്ടും കീർത്തികേട്ടതാണ് അപ്സരയുടെ മാഹാത്മ്യം. പ്രമുഖ വ്യക്തികളുടെ സാന്നിധ്യവും അപ്സരയിൽ എല്ലാ കാലവും ഉണ്ടായിരുന്നു.