
കല്ലുത്താൻകടവ് റോഡിൽ നശിപ്പിക്കപ്പെട്ട ആന്റിഗ്ലയറുകൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പുനഃസ്ഥാപിച്ചു. നാലുവരിപ്പാതയിൽ രാത്രി എതിർദിശയിൽ വരുന്ന വാഹനങ്ങളുടെ വെളിച്ചം ഡ്രൈവറുടെ മുഖത്ത് തട്ടി അപകടമുണ്ടാകാതിരിക്കാൻ സ്ഥാപിച്ചതായിരുന്നു ഇവ. വ്യാപകമായി നശിപ്പിക്കപ്പെട്ടതോടെ ഈ ഭാഗങ്ങളിൽ അപകടസാധ്യതയുണ്ടായതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് യുഎൽസിസിഎസ് കേടുവന്നവ പൂർണമായും മാറ്റി സ്ഥാപിച്ചത്.
വിദേശ മാതൃകയിലാണ് 4.5 കി. മീറ്റർ റോഡിൽ നാലായിരം ആന്റിഗ്ലയറുകൾ സ്ഥാപിച്ചത്. പലതും മാസങ്ങൾക്കകം നഷ്ടമായി. ഭൂരിഭാഗവും വാഹനങ്ങൾ ഇടിച്ച് തകരുകയായിരുന്നു. രാത്രികാലങ്ങളിൽ മോഷ്ടിക്കപ്പെടുകയും ചെയ്‌തു. സരോവരം ബയോപാർക്കിന് മുമ്പിലുള്ള സ്‌ക്രീനുകളാണ് കൂടുതലും നഷ്ടപ്പെട്ടത്. ഒന്നിന് 1800 രൂപ വിലവരുന്ന ഇവ മലേഷ്യയിൽ നിന്നായിരുന്നു എത്തിച്ചത്. ഇത്തവണ മുംബൈയിൽനിന്ന് ഏഴുലക്ഷം രൂപയ്‌ക്ക് മോൾഡ് വരുത്തിച്ച് പാലക്കാട്ടെ കമ്പനിയിൽ നിർമിക്കുകയായിരുന്നു. 2500 എണ്ണം നിർമിച്ചു. ഒന്നിന് 1050 രൂപ വില വരും. പഴയതിനേക്കാൾ കനവും ബലവും കൂട്ടിയതിനാൽ കൂടുതൽ കാലം നിൽക്കുമെന്നാണ് പ്രതീക്ഷ.
നശിപ്പിക്കപ്പെട്ടവയ്‌ക്ക് പൊലീസ് കേസ് എടുക്കാത്തതിനാൽ യുഎൽസിസിഎസിന് ഇൻഷുറൻസ് കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. സ്വന്തം ഫണ്ട് ഉപയോഗിച്ച് പുനഃസ്ഥാപിക്കാൻ യുഎൽസിസിഎസ് ഡയറക്ടർ ബോർഡ് തീരുമാനിക്കുകയായിരുന്നു.
രാത്രി മോഷ്ടിക്കുന്നവരെ പിടികൂടാൻ സിസിടിവിയില്ലാത്തതും പ്രതിസന്ധിയാണ്. റോഡിന്റെ എസ്‌റ്റിമേറ്റിൽ സിസിടിവി സ്ഥാപിക്കലും ഉൾപ്പെട്ടിരുന്നുവെങ്കിലും ഫണ്ട് അധികമായതിനാൽ കേരള റോഡ് ഫണ്ട് ബോർഡ് ഇത് വെട്ടിക്കുറച്ചു.