
മത്സ്യഫെഡിന്റെ ‘അന്തിപ്പച്ച’ ഇനി അരികിലെത്തും വിഷമില്ലാത്ത മീൻ നൽകാൻ. കലർപ്പില്ലാത്തതും പഴക്കമില്ലാത്തതുമായ മീനാണ് ഇടനിലക്കാരില്ലാതെ സഞ്ചരിക്കുന്ന വിൽപ്പനശാലകളിലൂടെ എത്തുക. അന്തിപ്പച്ചയെന്ന പേരിലുള്ള മൊബൈൽ യൂണിറ്റിൽ ഫ്രീസറിൽ സൂക്ഷിക്കാത്തതും ഐസിട്ടതുമായ മത്സ്യമാണ് വിൽക്കുക. ഫോർമാലിൻ ഉൾപ്പെടെയുള്ള മായം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ഉപകരണങ്ങളും വണ്ടിയിലുണ്ടാവും. ആദ്യഘട്ടത്തിൽ കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണ് നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ അന്തിപ്പച്ചയെത്തുക. പകൽ രണ്ടുമുതൽ രാത്രി എട്ടുവരെയാണ് സേവനം. ആദ്യ അന്തിപ്പച്ച യൂണിറ്റ് ഞായറാഴ്‌ച പ്രവർത്തനം തുടങ്ങി.
എല്ലാ ദിവസവും അന്തിപ്പച്ച മീനുമായെത്തും. മീൻ മുറിച്ച് വൃത്തിയാക്കി വാങ്ങാം. ബോട്ടുകളിൽനിന്നോ മത്സ്യഫെഡ് അംഗമായ സംഘങ്ങളിൽനിന്നോ ഇടനില ക്കാരില്ലാതെ വാങ്ങുന്ന മീനാണ് വിൽക്കുക. മായമില്ലാത്തതെന്ന് പരിശോധിച്ച് ഉറപ്പാക്കിയാണ് അന്തിപ്പച്ചയിലേക്കുള്ള മീൻ വാങ്ങുന്നത്. ഉപഭോക്താക്കൾക്കും ഈ പരിശോധനാസംവിധാനം പ്രയോജനപ്പെടുത്താം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 15 അന്തിപ്പച്ച യൂണിറ്റ് പ്രവർത്തനം തുടങ്ങി. ദിവസം ഒരുലക്ഷം രൂപവരെ വിറ്റുവരവുള്ള വണ്ടികളുണ്ട്. മത്സ്യഫെഡിന് കീഴിൽ ജില്ലയിൽ അരയിടത്തുപാലം, തിരുവണ്ണൂർ, താമരശേരി, തിരുവമ്പാടി എന്നിവിടങ്ങളിലെ ഫിഷ്‌മാർട്ടുകൾക്ക് പുറമെയാണിത്.
ജില്ലയിലെ രണ്ടാമത്തെ യൂണിറ്റ് ഉടൻ പ്രവർത്തനംതുടങ്ങും. അന്തിപ്പച്ചയെത്തുന്ന കേന്ദ്രങ്ങളും സമയവും ഏതാനും ദിവസത്തിനകം തീരുമാനിക്കും. വിലക്കുറവല്ല; ശുദ്ധവും പഴക്കമില്ലാത്തതുമായ മീൻ എന്നതാണ് അന്തിപ്പച്ചയുടെ പ്രത്യേകതയെന്ന് മത്സ്യഫെഡ് മാനേജർ അപർണ രാധാകൃഷ്‌ണൻ പറഞ്ഞു. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ അന്തിപ്പച്ച ഫ്ലാഗ് ഓഫ് ചെയ്‌തു.