പട്ടുതെരുവിലെ പുരാതനകെട്ടിടത്തിലെ റെസ്റ്റോറന്റിൽനിന്നും സാമൂതിരി രാജവംശത്തിന്റെ മറ്റൊരു നിർമിതികൂടി കണ്ടെത്തി
20 Jan 2023
News
പട്ടുതെരുവിലെ പുരാതനകെട്ടിടത്തിലെ പൈതൃക റെസ്റ്റോറന്റിൽനിന്നും സാമൂതിരി രാജവംശത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന മറ്റൊരു നിർമിതികൂടി കണ്ടെത്തി. സമൂതിരി കൊട്ടാരം കോട്ടയുടെ അവശിഷ്ടമെന്ന് കരുതുന്ന ശിലാ നിർമതിയാണ് ഇവിടെനിന്നും ലഭിച്ചത്.
കോട്ടയുടെ ചെറുവാതിലിന്റെ മേൽപ്പടിയോ കീഴ്‌പ്പടിയോ ആവാം കരിങ്കൽനിർമിതിയെന്ന് സ്ഥലത്തെത്തിയ പുരാവസ്തുവിദഗ്ധനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഉത്തരമേഖലാ ഡയറക്ടറുമായ കെ.കെ. മുഹമ്മദ് അഭിപ്രായപ്പെട്ടു. സാധാരണക്കാർ കടന്നുവരുന്ന കോട്ടയുടെ വാതിൽപ്പടിയാണിത്. 1.20 മീറ്ററാണ് നീളം. സാമൂതിരി കോട്ടയുടെ ...പടിഞ്ഞാറെ കവാടമാണ് വലിയങ്ങാടി ഭാഗത്തുണ്ടായിരുന്നത്. 14, 15 നൂറ്റാണ്ടുകളിൽ നിർമിച്ചതാവാം കോട്ടയെന്നാണ് കരുതുന്നത്.
കഴിഞ്ഞദിവസം ഹോട്ടലിലെത്തിയ ചരിത്രകുതുകിയായ ടി. ഷെജിത്താണ് കെട്ടടത്തിന്റെ നടുമുറ്റത്ത് സൂക്ഷിച്ചിരുന്ന കരിങ്കൽനിർമിതി ശ്രദ്ധിച്ചത്. തുടർന്ന് ഷെജിത്ത് കെ.കെ. മുഹമ്മദുമായും ഇൻടാക് പ്രവർത്തകരുമായും ബന്ധപ്പെടുകയായിരുന്നു. കൊപ്ര പാണ്ടികശാലയായിരുന്ന കെട്ടിടം റെസ്റ്റോറന്റിനായി നവീകരിക്കുമ്പോഴാണ് നിർമിതി ലഭിച്ചതെന്ന് നടത്തിപ്പുകാർ പറഞ്ഞു.
ഏതാനും വർഷംമുന്പ് ഓവുചാൽ ശുചീകരിക്കുന്നതിനിടെ കോട്ടയുടെ ഗോപുരദ്വാരത്തിന്റെ മേൽപ്പിടി പ്രദേശത്തുനിന്ന് കിട്ടിയിരുന്നു. രാജാവും പരിവാരങ്ങളും ഗോപുരദ്വാരത്തിന്റെ മേൽപ്പിടി പ്രദേശത്തുനിന്ന് കിട്ടിയിരുന്നു. രാജാവും പരിവാരങ്ങളും ഗോപുരദ്വാരം വഴിയാണ് എഴുന്നള്ളുന്നത്. ഇത് ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പുരാവസ്തുവകുപ്പ് അധികൃതരെ നിർമിതി കണ്ടെത്തിയ വിവരം അറിയിക്കുമെന്ന് കെ.കെ. മുഹമ്മദ് പറഞ്ഞു. ഇൻടാക് റീജണൽ ചാപ്റ്റർ കൺവീനർ അർച്ചനാ കാമത്തും മുൻ കൺവീനർ കെ. മോഹനും സ്ഥലം സന്ദർശിച്ചു.