
രാമനാട്ടുകര: പുലർകാല വ്യായാമത്തിനായി നഗരത്തിൽ ഓപ്പൺ ജിംമും വനിതാ ഫിറ്റ്നസ് സെന്ററും സ്ഥാപിക്കാൻ ഒരുക്കം പൂർത്തിയായി. എയ്ഡ് പോസ്റ്റ് പരിസരത്ത് ഒരുക്കുന്ന ഓപ്പൺ ജിംമിൽ വിവിധ ഉപകരണങ്ങൾ സ്ഥാപിച്ചു തുടങ്ങി. കൂടാതെ, ചെത്തുപാലം തോടിനു സമീപത്തെ പുതിയ നഗരസഭ സമുച്ചയ പരിധിയിൽ വനിതകൾക്കായി ഫിറ്റ്നസ് സെന്റർ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ മുതൽ പ്രായമായവർക്കു വരെ ഉപയോഗിക്കാവുന്ന തരത്തിലുള്ള സജ്ജീകരണങ്ങൾ ജിംമിൽ ഉണ്ടായിരിക്കും. വ്യായാമശീലങ്ങൾ നഗരവാസികളിൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ 10 ലക്ഷം രൂപ ചെലവിട്ട് ഈ പദ്ധതി ആരംഭിക്കുന്നത്, ഇത് തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.
ഓപ്പൺ ജിംമിൽ 5 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഉപകരണങ്ങളായി ചെസ്റ്റ് പ്രെസ്, ട്രിപ്പിൾ ട്വിസ്റ്റർ, ലെഗ് പ്രെസ്, റോവർ, ഷോൾഡർ ബിൽഡർ, സിറ്റ് അപ്പ് ബോർഡ്, സർഫ് ബോർഡ്, ക്രോസ് ട്രെയിനർ, പുഷ് അപ്പ് ബാർ, ഷോൾഡർ വീൽ എന്നിവ സ്ഥാപിക്കും. വനിതാ ഫിറ്റ്നസ് സെന്ററിൽ 19 ഉപകരണങ്ങൾ ഉണ്ടാകും.