
കോഴിക്കോട് കോർപറേഷനിൽ ജൈവ മാലിന്യം ഉറവിടങ്ങളിൽ സംസ്‌കരിക്കുകയെന്ന കാഴ്‌ചപ്പാടോടെ, വീടുകളിൽ തന്നെ നവീനമായ സംവിധാനമൊരുക്കുകയാണ്. സർവേയിലൂടെ ഗുണഭോക്താക്കളായി കണ്ടെത്തിയ 63,000 വീടുകളിലാണ് ജൈവ മാലിന്യ സംസ്‌കരണ സംവിധാനം ഏർപ്പെടുത്തുക. 2023 മാർച്ചിൽ പദ്ധതി നടപ്പാക്കും. ബയോ ഡൈജസ്‌റ്റർ, ബയോ ബിൻ, പോർട്ടബിൾ ബയോ കമ്പോസ്‌റ്റിങ് യൂണിറ്റ് തുടങ്ങിയവ സബ്‌സിഡിയോടെ കുടുംബങ്ങൾക്ക് വിതരണം ചെയ്യും. 1.20 ലക്ഷം വീടുകളാണ് നഗരത്തിലുള്ളത്. ഇതിൽ നല്ലൊരു ശതമാനത്തിലും ഈ സംവിധാനങ്ങൾ നിലവിലുണ്ട്. ചിലർ സ്വയം മാലിന്യസംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ തയ്യാറുള്ളവരാണ്. നിലവിൽ ജൈവമാലിന്യം കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ച് സംസ്‌കരിക്കുകയാണ്.
പ്ലാസ്‌റ്റിക് മാലിന്യ സംസ്‌കരണം സമയബന്ധിതവും കാര്യക്ഷമവുമാകണം. അതിന് എല്ലാ വാർഡുകളിലും എംസിഎഫ് (മെറ്റീരിയൽ കലക്ടിങ് ഫെസിലിറ്റി) വേണം. വിവിധ ഇനം പ്ലാസ്‌റ്റിക്കുകൾ വേർതിരിച്ചാലേ റീസൈക്ലിങ് നല്ല രീതിയിൽ നടത്താനാവൂ. എല്ലാ വാർഡുകളിലും സംവിധാനമുണ്ടെങ്കിലേ ഇത് കൂടുതൽ ഫലപ്രദമാകൂ. നിലവിൽ അഞ്ചിടത്താണ് ഇപ്പോഴുള്ളത്. 16 വാർഡുകളിൽ കൂടി ഉടൻ വരും. എന്നാൽ എംസിഎഫ് സംബന്ധിച്ച് തെറ്റായ ധാരണ ഉള്ളതിനാൽ നാട്ടുകാർ പ്രതിഷേധമുയർത്തുന്നതാണ് പ്രതിസന്ധി.