
കേരള മാരിടൈം ബോർഡും കോർപറേഷനും സംയുക്തമായി ബീച്ചിൽ പണം നൽകി ഉപയോഗിക്കുന്ന വിപുലമായ കാർ, ലോറി പാർക്കിങ് കേന്ദ്രം ആരംഭിക്കും. ബീച്ചിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവാൻ ഇത് സഹായകരമായിയ്ക്കും. ഇതുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പിന്റെ സ്ഥലം നൽകുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയായി. കോർപറേഷനും മാരിടൈം ബോർഡും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ കരാർ വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ച തുടരുകയാണ്.
ലയൺസ് പാർക്കിനു സമീപം 4.22 ഏക്കർ കാർ പാർക്കിങ്ങിനും തോപ്പയിൽ ആവിക്കൽ തോട് കഴിഞ്ഞുള്ള ഭാഗത്ത് 3.92 ഏക്കർ ലോറി പാർക്കിങ്ങിനുമായി നൽകും. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച തുറമുഖ ലാൻഡ് മോണിറ്ററിങ് യൂണിറ്റ് സർവേ നടത്തി കണ്ടെത്തിയ ഭൂമിയാണ് വികസനത്തിനായി നൽകുന്നത്.
കേരള മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ 17 തുറമുഖങ്ങളുടെ മൊത്തം ഭൂമി അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കാൻ ലാൻഡ് മോണിറ്ററിങ് യൂണിറ്റ് ജൂൺ ഒന്നിനു നിലവിൽ വന്നിരുന്നു.
2017 ലെ കേരള മാരിടൈം ബോർഡ് ആക്ട് അനുസരിച്ച് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമികൾ കണ്ടെത്തി സംരക്ഷിക്കാനാണ് മന്ത്രി ചെയർമാനായി റിട്ട. ഡപ്യൂട്ടി കലക്ടർ വി.കെ.ബാലൻ ഡയറക്ടറും റിട്ട. സർവേ ഡപ്യൂട്ടി ഡയറക്ടർ പി.കെ.ചന്ദ്രഭാനു, റിട്ട. തഹസിൽദാർ കെ.രവീന്ദ്രൻ, റിട്ട. വില്ലേജ് ഓഫിസർ പി.ബാബുരാജൻ അംഗങ്ങളായി മോണിറ്ററിങ് യൂണിറ്റ് സ്ഥാപിച്ചത്. യൂണിറ്റ് സംസ്ഥാന കേന്ദ്രം കോഴിക്കോട് പോർട്ട് കൺസർവേറ്റർ ഓഫിസിന്റെ ഒന്നാം നിലയിലാണ് പ്രവർത്തനം തുടങ്ങിയത്.
കേരള മാരിടൈം ബോർഡിന്റെ ഭൂമിയിലെ കയ്യേറ്റങ്ങളും അനധികൃത നിർമിതികളും നിയമാനുസൃത ധാരണാ പത്രങ്ങളില്ലാത്ത പ്രോജക്ടുകളും യൂണിറ്റ് സർവേ റിപ്പോർട്ട് ലഭ്യമാകുന്നതോടെ സർക്കാർ ഒഴിപ്പിക്കും. യൂണിറ്റിന്റെ ആദ്യ സർവേയിൽ കണ്ടെത്തിയ ഭൂമിയാണ് ബോർഡിനു സാമ്പത്തിക ലക്ഷ്യം വച്ച് കോഴിക്കോട് പാർക്കിങ് പദ്ധതിക്ക് കോർപറേഷനുമായി സഹകരിച്ച് നൽകുന്നത്. പുതിയ യൂണിറ്റ് നിലവിൽ വന്നതോടെ തുറമുഖ ഭൂമി ലൈസൻസ് വ്യവസ്ഥയിൽ അനുവദിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത് പോർട്ട് കൺസർവേറ്റർ ഓഫിസ് നിർത്തി വച്ചു.