മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം തയ്യാറാക്കിയ പ്രദർശനം ഒരു നൂറ്റാണ്ട് മുൻപുള്ള മലബാർ യുവത്വത്തിന്റെ ചിന്തകളുടെ നേർകാഴ്ച
20 Jan 2023
News
മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം ഒരുക്കിയ പ്രദർശനത്തിൽ 113 കൊല്ലം മുമ്പുള്ള കോളേജ് മാഗസിനുകളുടെ താളുകൾ വരെയുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് മലബാർ യുവത്വം എങ്ങനെ ചിന്തിച്ചിരുന്നു എന്നത് ഈ താളുകൾ താളുകളിലൂടെ നമ്മുക്കറിയാൻ സാധിക്കും. അതതുകാലത്തെ യൗവ്വനത്തിന്റെ ചിന്തകൾ കറുപ്പും വെള്ളയിലും പ്രതിഫലിച്ചു കാണുന്നു.
1910 ലെ കോളേജ് മാഗസിന്റെ കവർ ഫോട്ടോയുണ്ട് പ്രദർശനത്തിൽ. 1909ൽ ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് ജർമൻ മിഷണറിമാരാണ് കോളേജ് സ്ഥാപിക്കുന്നത്. തൊട്ടടുത്ത വർഷംതന്നെ മാഗസിൻ പുറത്തിറക്കിയിരുന്നു. പിന്നീട് കുറച്ചുവർഷങ്ങളിലെ മാഗസിനുകൾ ലഭ്യമല്ല. 1929 മുതൽ എല്ലാവർഷത്തേയും മാഗസിനുകൾ ലഭ്യമാണ്.
സ്വാതന്ത്ര്യം, ആദ്യ ഇ എം എസ് മന്ത്രിസഭ, അടിയന്തരാവസ്ഥ തുടങ്ങി കേരള ചരിത്രത്തിലെ പ്രധാന ചരിത്ര സംഭവങ്ങൾ കോളേജിൽ എങ്ങനെ പ്രതിഫലിച്ചു എന്നത് ചിത്രങ്ങളിൽ തെളിയുന്നു. ആദ്യകാല പ്രിൻസിപ്പൽമാർ, അധ്യാപകർ, പ്രമുഖർ എന്നിവർ പങ്കെടുത്ത യൂണിയൻ ഉദ്ഘാടനങ്ങളും പ്രദർശനത്തിലുണ്ട്. അച്ചടിവിദ്യയുടെ വികാസത്തിന്റെ നാൾവഴിവഴികളാണ് സമകാലത്തിലെ മാഗസിനുകളിൽ കാണാനാനാവുക. കോളേജ് ചരിത്രവിഭാഗം മേധാവി പ്രൊഫ.വസിഷ്ഠാണ് പ്രദർശനമൊരുക്കിയത്. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. സന്തോഷ് ഉദ്ഘാടനംചെയ്തു.