
മുണ്ടും നേര്യതും കൈത്തറി സാരിയും ഷർട്ടും കുർത്തയും തോർത്തും തൂവാലയും എല്ലാം അണിനിരന്നു കൈത്തറി പ്രദർശന–-വിപണനമേളയിൽ. വിഷുവിനെ വരവേൽക്കാൻ ടൗൺഹാൾ പരിസരത്തെ കോംട്രസ്റ്റ് കോമ്പൗണ്ടിലുമായിട്ടാണ് 14 വരെ നീളുന്ന പ്രദർശന–-വിപണനമേള നടക്കുന്നത്. റെഡിമെയ്‌ഡ് വസ്‌ത്രങ്ങൾ, ഷർട്ട്‌പീസുകൾ, ദോത്തികൾ, ബെഡ്ഷീറ്റുകൾ, തുടങ്ങിയവയും ലഭ്യമാണ്.
ദിവസവും രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ് മേള. കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിൽനിന്നുള്ള കൈത്തറി സംഘങ്ങളുടെ സ്റ്റാളുകളുണ്ട്. 20 ശതമാനം ഗവ. റിബേറ്റുണ്ട്. സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് കൈത്തറി വികസനസമിതി എന്നിവയുടെ നേതൃത്വത്തിലാണ് മേള.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കൗൺസിലർ എസ് കെ അബൂബക്കർ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ സലീന, സംസ്ഥാന കൈത്തറി അസോസിയേഷൻ സെക്രട്ടറി എ വി ബാബു, ജില്ലാ കൈത്തറി സംഘം പ്രസിഡന്റ് ടി ബാലൻ, കൈത്തറി വികസനസമിതി അംഗം വി എം ചന്തുക്കുട്ടി, ഡെപ്യൂട്ടി രജിസ്ട്രാർ ഇൻചാർജ് എ സരിത എന്നിവർ സംസാരിച്ചു.