
തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെ, മേഘങ്ങൾ ഇല്ലാത്ത തെളിഞ്ഞ ആകാശത്ത് നേർത്ത ചന്ദ്രക്കലയുടെ ഒരറ്റത്തുനിന്ന് പെട്ടെന്ന് അപ്രത്യക്ഷമായ തൃക്കേട്ട 6.മണിയോടെ മറുഭാഗത്ത് പ്രത്യക്ഷപ്പെട്ടു. ‘തൃക്കേട്ടയുടെ ഓടിമറയൽ’ (തൃക്കേട്ട നക്ഷത്രം ചന്ദ്രനാൽ മറയ്ക്കപ്പെടുന്നത്) എന്ന ആകാശ കൗതുകങ്ങളിൽ ഏറെ രസകരമായ കാഴ്ച തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ദൃശ്യമായി.
ഏതെങ്കിലും ഒരു ആകാശവസ്തു മറ്റൊരു ആകാശ വസ്തുവിനെ മറച്ച് കടന്നുപോകുന്ന ‘ഒക്കൾട്ടേഷൻ’ അഥവാ ‘ഉപഗൂഹനം’ പ്രതിഭാസത്തിന്റെ ഭാഗമായാണ് ഇതു ദൃശ്യമായത്. പ്രാദേശികമായ ചെറിയ സമയ വ്യത്യാസങ്ങൾ ഒക്കൾട്ടേഷന് ബാധകമാണ്. നഗ്ന നേത്രങ്ങൾ കൊണ്ടുതന്നെ ഇവ കാണാനാകും.
വൃശ്ചികരാശിയുടെ ഹൃദയ താരമെന്ന് വിശേഷിപ്പിക്കാറുള്ള തൃക്കേട്ട നഗ്ന നേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന ഏറ്റവും വലിയ നക്ഷത്രങ്ങളിൽ ഒന്നാണ്. ഭൂമിയിൽ നിന്ന് 550 ഓളം പ്രകാശവർഷങ്ങൾ അകലെയാണ് ഈ നക്ഷത്രം. ഏപ്രിൽ 27ന് തൃക്കേട്ട വീണ്ടും ഒക്കൾട്ടേഷന് വിധേയമാകുമെങ്കിലും അന്ന് ചന്ദ്രപ്രഭ കൂടിയ ദിനമായതിനാൽ ഇത്ര തെളിഞ്ഞു കാണാൻ കഴിഞ്ഞെന്നുവരില്ല.