
നാവിലും അരിയിലും ആദ്യക്ഷരം കുറിച്ചുകൊണ്ട് കുരുന്നുകള്‍ വിജയദശമി നാളില്‍ അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ചു. നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍, കുരുന്നുകളില്‍ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം ഭക്തജനങ്ങളാൽ നിറഞ്ഞു. ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകള്‍ നടക്കുന്നത്.
കൊല്ലൂര്‍ മൂകാംബികാ ദേവീക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയിട്ടുള്ളത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമുതല്‍ വിദ്യാരംഭം തുടങ്ങി. ഉച്ചപൂജയോടെ കൊല്ലൂരില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമാവും.
ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് സരസ്വതി ദേവീ ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്ന ക്ഷേത്രം കൂടിയാണ് പനച്ചിക്കാട്.
തിരുവനന്തപുരം പൂജപ്പുര സ്വരസ്വതി മണ്ഡപം, ആറ്റുകാല്‍ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബി ...എന്നിവിടങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് 800-ഓളം കുട്ടികളെ നവരാത്രിമണ്ഡപത്തിലും 2000-ത്തോളം പേരെ പൂജപ്പുര സരസ്വതീമണ്ഡപത്തിലും എഴുത്തിനിരുത്തും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വ്യാസന്റെ നടയിലാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ആറ്റുകാല്‍ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഗാന്ധാരിഅമ്മന്‍ കോവില്‍, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭം നടക്കും.
അഴകൊടി ദേവി മഹാ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾ സജീവമായി നടന്നു.