
സർക്കാരിന്റെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് പുറക്കാട് അകലാപ്പുഴയിൽ ബോട്ടുസർവീസ് പുനരാരംഭിച്ചു. പെഡൽബോട്ടുകൾ, കയാക്കിങ്, റോയിങ് ബോട്ട്, ശിക്കാരബോട്ട് തുടങ്ങിയ ബോട്ടുകൾ ഇവിടെ സർവീസ് നടത്തുന്നുണ്ട്. നാല് വലിയ ഹൗസ്ബോട്ടുകളുടെ നിർമാണം പൂർത്തിയായി. ഇവയും ഉടൻ യാത്രയാരംഭിക്കും. ആഴവും ഒഴുക്കും താരതമ്യേന കുറവായതിനാൽ സുരക്ഷിതയാത്രയാണ് സഞ്ചാരികൾ ഇവിടേക്കെത്താൻ പ്രധാന കാരണം.
തിങ്കളാഴ്ച ബോട്ടിങ് പുനരാരംഭിച്ചതുമുതൽ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. സഞ്ചാരികൾക്ക് എല്ലാ സുരക്ഷാകാര്യങ്ങളും ഏർപ്പെടുത്തിയതായി ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി. മൊയ്തീൻ, അകലാപ്പുഴ ടൂറിസം ക്ലബ്ബ് സെക്രട്ടറി സി.എം. ജ്യോതിഷ്, ഷനിദ് മുഹമ്മദ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പുഴമത്സ്യങ്ങളും പുഴവിഭവങ്ങളുംകൊണ്ടുളള സ്വാദിഷ്‌ഠമായ ഭക്ഷണവുമുണ്ട്. പുതുരുചികളും ഭക്ഷണപ്രിയരെ അകലാപ്പുഴയിലേക്ക് ആകർഷിക്കുന്നുണ്ട്.