
അകലാപ്പുഴയിലൂടെയുള്ള ശിക്കാര ബോട്ട് യാത്ര സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. 10 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടുകൾ മുതൽ 60 പേർക്ക് യാത്ര ചെയ്യാവുന്നവ വരെ അകലാപ്പുഴയിൽ ഇപ്പോൾ സജ്ജമാണ്. ആലപ്പുഴയിൽ നിന്നെത്തിയ വിദഗ്ധ തൊഴിലാളികളാണ് ബോട്ടുകൾ നിർമിച്ചത്.
നാലു വശവും തുറന്നിട്ടുള്ളതും പനയോല കൊണ്ടുള്ള മേലാപ്പുമാണു ശിക്കാര ബോട്ടിന്റെ പ്രത്യേകത. ബോട്ടിൽ ചെറു യോഗങ്ങൾ, മറ്റ് ആഘോഷ പരിപാടികൾ എന്നിവ നടത്താം. കരയിൽ കുട്ടികളുടെ പാർക്ക്, മിനി കോൺഫറൻസ് ഹാൾ, ഓപ്പൺ സ്റ്റേജ്, റസ്റ്ററന്റ്, ശുചിമുറി സൗകര്യങ്ങൾ എന്നിവയുമുണ്ടെന്നു ബോട്ട് സർവീസ് സംഘാടകരായ സി.മൊയ്തീൻ, സി.എം.ജ്യോതിഷ് എന്നിവർ പറഞ്ഞു.
അകലാപ്പുഴയും പുഴയ്ക്ക് മധ്യത്തിലെ തുരുത്തും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. രണ്ടു പേർക്കും അഞ്ചു പേർക്കും യാത്ര ചെയ്യാൻ പറ്റുന്ന പെഡൽ ബോട്ടുകൾ, വാട്ടർ സൈക്കിൾ, റോയിങ് ബോട്ട് എന്നിവയും ആകർഷകങ്ങളാണ്. ദേശീയപാതയിൽ കൊല്ലം ആനക്കുളത്ത് നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ബോട്ടിങ് സ്‌പോട്ടിൽ എത്താം.
Manorama Online