
ജില്ലയിലെ മുഴുവൻ ആളുകൾക്കും ആധാർ സേവനങ്ങൾ ഉറപ്പ് വരുത്തിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യത്നത്തിന് തുടക്കം കുറിച്ചു. തടസ്സം കൂടാതെയുള്ള സർക്കാർ സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും ഉറപ്പ് വരുത്തുക എന്ന സർക്കാറിന്റെ പ്രഖ്യാപിത നയത്തിന്റെ കൂടെ ഭാഗമായാണ് ജില്ലാ ഭരണകുടം ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്.
ആദ്യ ഘട്ടത്തിൽ 0 മുതൽ 5 വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതുവരേക്കും ആധാർ എൻറോൾമെന്റ് പൂർത്തിയാക്കിയിട്ടില്ലാത്ത അംഗൻവാടി പരിധിയിലെ 0 - 5 വയസ്സ് വരെയുള്ള കുട്ടികളുടെ വിവരശേഖരണം നടത്തി അതടിസ്ഥാനത്തിൽ പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കിയാണ് എൻറോൾമെന്റ് നടത്തുക.
രണ്ട് വിധത്തിലാണ് വിവരശേഖരണം നടത്തുന്നത്. അംഗൻവാടിയിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ അംഗൻവാടി വർക്കർമാരും ബാക്കിയുള്ള കുട്ടികളുടെ വിവരങ്ങൾ ആശാവർക്കർമാരുമാണ് ശേഖരിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങളുടെ തൊട്ടടുത്തുള്ള അംഗൻവാടി വർക്കർമാർ, ആശാവർക്കർമാരെ സമീപിക്കുക.
ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, ഐ.ടി. മിഷൻ തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ‘ആദ്യം ആധാർ’ പദ്ധതി നടപ്പിലാക്കുന്നത്. ഐ.ടി. മിഷന് കീഴിലെ ജില്ലയിലെ ഇരുന്നോറോളം വരുന്ന അക്ഷയ കേന്ദ്രങ്ങൾ ക്യാമ്പ് നടത്തിപ്പിന് വേണ്ട സാങ്കേതിക പിന്തുണ ഉറപ്പാക്കും. ജില്ലയിലെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കാത്ത ഒരു ലക്ഷത്തിൽപരം കുട്ടികളെ ഈ യത്നത്തിന്റെ ഭാഗമാക്കാനാണ് ജില്ലാ ഭരണകുടം ലക്ഷ്യം വെക്കുന്നത്.