കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് സൗകര്യ പ്രദമാവുന്ന ലിഫ്റ്റ് സംവിധാനം വരുന്നു
16 Mar 2023
News
തിരക്കേറിയ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് സംവിധാനം വരുന്നു. നൂറു കണക്കിനു യാത്രക്കാർക്ക് സൗകര്യ പ്രദമാവുന്ന ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ചു. ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകുന്നതിനാണ് ലിഫ്റ്റ് നിർമിക്കുന്നത്. സിവിൽ വർക്കാണു കഴിഞ്ഞ ദിവസം തുടങ്ങിയത്. ഒരു കോടി രൂപയാണ് നിർമാണച്ചെലവ്. ആറുമാസം കൊണ്ട് പണി പൂർത്തിയാകും.
ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് പാലം ഉണ്ടെങ്കിലും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും കോണിപ്പടികൾ കയറിപ്പോകാൻ ബുദ്ധിമുട്ടാണ്. ലിഫ്റ്റ് സൗകര്യം ഈ പ്രശ്നങ്ങൾക്ക്
പരിഹാരമാകും. നിലവിലുള്ള ഫൂട്ട് ഓവർ ബ്രിജുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ലിഫ്റ്റ് നിർമിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ ഇനി ഇരിപ്പിടങ്ങളും ആവശ്യത്തിന് കുടിവെള്ള സംവിധാനവും ഒരുക്കേണ്ടതുണ്ട്. പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയും നീട്ടണം. ഷൊർണൂർ ഭാഗത്തേക്ക് വണ്ടികൾ നിർത്തുന്ന രണ്ടാം പ്ലാറ്റ്ഫോമിൽ മിക്ക വണ്ടികളുടെയും ആദ്യത്തെ ഏഴ് കംപാർട്ടു മെന്റുകൾ നിർത്തുന്നത് മേൽക്കൂരയ്ക്കു വെളിയിലാണ്.